ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. അപകടത്തില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ജമ്മു കശ്മീരിലെ പൂഞ്ചില്‍ ബല്‍നോയ് മേഖലയിലാണ് അപകടമുണ്ടായത്. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 11 മദ്രാസ് ലൈറ്റ് ഇന്‍ഫന്‍ട്രിയുടെ വാഹനം നിലം ആസ്ഥാനത്ത് നിന്ന് ബല്‍നോയ് ഘോര പോസ്റ്റിലേക്ക് പോകുന്നതിനിടെയാണ് 350 അടി താഴ്ചയിലേക്ക് മറിഞ്ഞത്.
അപകടത്തിന് പിന്നാലെ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. 18 സൈനികരാണ് ട്രക്കില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.