രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ വാട്‌സാപ്പ് സംഭാഷണം വഴി പുറത്തുവിട്ടെന്ന പരാതിയിൽ റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരേ നിയമനടപടിയെടുക്കുന്നകാര്യം മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നു. ഔദ്യോഗിക രഹസ്യനിയമപ്രകാരം അർണബിനെതിരേ കേസെടുക്കാനാവുമോ എന്ന കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് പറഞ്ഞു.
ടി.ആർ.പി തട്ടിപ്പുകേസിൽ അറസ്റ്റിലായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ(ബാർക്) മുൻ സി.ഇ.ഒ. പാർഥോ ദാസ് ഗുപ്തയുമായി അദ്ദേഹം നടത്തിയ വാട്‌സാപ്പ് ആശയവിനിമയങ്ങളുടെ രേഖകളാണ് പ്രചരിക്കുന്നത്. ഇതേക്കുറിച്ചുള്ള വിവരങ്ങൾ സർക്കാർ ശേഖരിച്ചു വരികയാണെന്ന് അനിൽ ദേശ്‌മുഖ് പറഞ്ഞു. അർണബിനെതിരേ നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഇക്കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞത്. സൈന്യത്തിലെയും സർക്കാരിലെയും ഉന്നതർക്കു മാത്രമറിയാവുന്ന രഹസ്യങ്ങൾ അർണബിന് നേരത്തേ ചോർന്നു കിട്ടിയതായാണ് മനസ്സിലാകുന്നതെന്നും ഇത് രാജ്യരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും പാർട്ടി ജനറൽസെക്രട്ടറി സച്ചിൻ സാവന്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം ചൂണ്ടിക്കാണിച്ചു.
ഇത്തരം വിഷയങ്ങളിൽ നടപടിയെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും കേന്ദ്രത്തിനുമുന്നിൽ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും അനിൽ ദേശ്‌മുഖ് പറഞ്ഞു. ഔദ്യോഗിക രഹസ്യനിയമത്തിൽ അഞ്ചാംവകുപ്പു പ്രകാരം സംസ്ഥാനത്തിന് നടപടിയെടുക്കാനാവുമോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. നിയമവിദഗ്ധരോടും പൊലീസ് മേധാവികളോടും കൂടിയാലോചന നടത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ദൂരദർശന്റെ ഡി.ടി.എച്ച്. സംവിധാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നു കാണിച്ചും റിപ്പബ്ലിക് ടി.വിക്കെതിരേ പരാതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ പാകിസ്ഥാനിലെ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ കുറിച്ചും ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുന്നതിനെക്കുറിച്ചും അർണബ് ഗോസ്വാമിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാട്‌സാപ്പ് ചാറ്റ് രേഖകൾ സൂചിപ്പിക്കുന്നത്.