മുംബൈയില്‍ പ്രണയപ്പകയില്‍ അരുംകൊല; യുവതിയെ സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

മുംബൈയില്‍ പ്രണയപ്പകയില്‍ വീണ്ടും അരുംകൊല. പ്രണയത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് നടുറോഡില്‍ യുവതിയെ സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആരതി യാദവ് എന്ന യുവതിയാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി രോഹിത് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നടുറോഡില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വച്ചാണ് പെണ്‍കുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. എന്നാല്‍ പെണ്‍കുട്ടി ആക്രമിക്കപ്പെടുമ്പോള്‍ പ്രതിയെ ആരും തടഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. പ്രതി കയ്യില്‍ കരുതിയിരുന്ന വലിയ സ്പാനര്‍ കൊണ്ട് പെണ്‍കുട്ടിയെ പതിനഞ്ച് തവണയിലേറെ തലയ്ക്കടിച്ചതായാണ് പുറത്തുവരുന്ന വിവരം.

ഇതിനിടയില്‍ പ്രതിയെ ഒരാള്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും രോഹിത് യാദവ് ഇയാളെയും ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ ചോരപുരണ്ട സ്പാനറുമായി നില്‍ക്കുന്നതും കാണാം. കസ്റ്റഡിയിലെടുത്ത പ്രതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.