അരവിന്ദ് കെജ്‌രിവാളിനെതിരെ വീണ്ടും പന്നു; ഡല്‍ഹി സ്‌ഫോടനക്കേസ് പ്രതിയെ വിട്ടയക്കാന്‍ 133 കോടി വാങ്ങിയെന്ന് ആരോപണം

ഖാലിസ്ഥാന്‍ അനുകൂല സംഘടന നേതാവ് ഗുര്‍പട്‌വന്ത് സിംഗ് പന്നുവിന്റെ വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായി ആം ആദ്മി പാര്‍ട്ടിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും. ഡല്‍ഹി സ്‌ഫോടനക്കേസ് പ്രതിയെ വിട്ടയയ്ക്കാമെന്ന വാഗ്ദാനത്തില്‍ പണം വാങ്ങിയെന്നാണ് പന്നുവിന്റെ ആരോപണം.

1993ല്‍ പത്ത് പേര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഡല്‍ഹി സ്‌ഫോടനക്കേസ് പ്രതി ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളറിനെ വിട്ടയക്കാന്‍ 133 കോടി രൂപ കെജ്‌രിവാള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. 2014നും 2022നും ഇടയില്‍ പണം കൈപ്പറ്റിയെന്നാണ് പന്നു ആരോപിക്കുന്നത്.

2014ല്‍ ന്യൂയോര്‍ക്കില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അരവിന്ദ് കെജ്‌രിവാള്‍ ഖാലിസ്ഥാന്‍ വാദികള്‍ക്ക് ഭുള്ളറിനെ മോചിപ്പിക്കുമെന്ന് വാഗ്ദാനം നല്‍കിയതെന്ന് പന്നു പറയുന്നു. സാമൂഹ്യ മാധ്യമത്തിലൂടെ പന്നു കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലൂടെയാണ് കെജ്‌രിവാളിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

Read more

കഴിഞ്ഞ ജനുവരിയിലും പന്നു കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടിയ്ക്കുമെതിരെ രംഗത്തുവന്നിരുന്നു. കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും യുഎസിലെയും കാനഡയിലെയും ഖാലിസ്ഥാന്‍ അനുകൂലികളില്‍ നിന്ന് ആറ് മില്യണ്‍ ഡോളര്‍ കൈപ്പറ്റിയതായായിരുന്നു ആരോപണം. നിലവില്‍ ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുകയാണ് അരവിന്ദ് കെജ്‌രിവാള്‍.