ആംആദ്മിയുടെ തലവനെ വീഴ്ത്തി ബിജെപി; ഷീലാ ദീക്ഷിതിന്റെ മകന്റെ 'വാരിക്കുഴിയില്‍' വീണു; അരവിന്ദ് കെജ്രിവാള്‍ തോറ്റു

ഡല്‍ഹിയില്‍ ആംആദ്മിയുടെ തലവനെ വീഴ്ത്തി ബിജെപി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേശ് സാഹിബ് സിങ്ങിനോടാണ് അരവിന്ദ് കെജ്രിവാള്‍ തോറ്റത്. 1844 വോട്ടിനാണ് തോല്‍വി. ഇതോടെ എഎപിയുടെ പതനം പൂര്‍ണമായി. കെജ്രിവാള്‍ 20190 വോട്ട് നേടിയപ്പോള്‍ പര്‍വേശ് 22034 വോട്ടും നേടി. മൂന്നാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് നേടിയ 3503 വോട്ടും കെജ്രിവാളിന്റെ പരാജയത്തില്‍ നിര്‍ണായകമായി. 2013-ല്‍ ഷീലാ ദീക്ഷിതിനെ തോല്‍പിച്ചായിരുന്നു കെജ്‌രിവാള്‍ വിജയിച്ച് കയറിയത്.

അതേസമയം, ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി തിരിച്ചടി നേരിട്ടതിന് പിന്നാലെ പാര്‍ട്ടി കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി അണ്ണാ ഹസാരെ. സ്ഥാനാര്‍ത്ഥികള്‍ സംശുദ്ധരായിരിക്കണം. കെജ്‌രിവാള്‍ പണം കണ്ട് മതി മറന്നുവെന്നും അണ്ണാ ഹസാരെ കുറ്റപ്പെടുത്തി. തന്റെ മുന്നറിയിപ്പുകള്‍ കെജ്രിവാള്‍ ചെവിക്കൊണ്ടില്ലെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേര്‍ത്തു.

Read more

കെജ്‌രിവാള്‍ പണത്തിന് പിന്നാലെ ഓടി വഴുതിവീണെന്ന് അണ്ണാ ഹസാരെ മുന്‍പും വിമര്‍ശനമുന്നയിച്ചിരുന്നു. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ 24 സീറ്റിലാണ് ആം ആദ്മി ലീഡ് ചെയ്യുന്നത്. 46 സീറ്റിന്റെ ലീഡുമായി ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്.