മദ്യനയ കേസിൽ ജാമ്യം തേടി അരവിന്ദ് കെജ്‌രിവാൾ; ഹർജി ജൂലൈ അഞ്ചിന് പരിഗണിക്കും

ഡൽഹി മദ്യനയ അഴിമതി കേസിൽ വീണ്ടും ജാമ്യം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സിബിഐ രജിസ്റ്റർ ചെയ്ത അഴിമതി കേസിൽ ജാമ്യത്തിനായി കെജ്‌രിവാൾ നേരിട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. കെജ്‌രിവാളിൻ്റെ ഹർജി ജൂലൈ അഞ്ചിന് പരിഗണിക്കുമെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചു.

മദ്യനയ കേസിലെ അന്വേഷണങ്ങളുടെ മറവിൽ സിബിഐ തുടർച്ചയായി തന്നെ ഉപദ്രവിക്കുകയാണെന്ന് കെജ്‌രിവാൾ ഹർജിയിൽ ആരോപിച്ചു. തന്നെ നിരന്തരം ആക്രമിക്കുന്ന സിബിയുടെ ക്രൂരത കടുത്ത നിരാശയും ആശങ്കയുമുണ്ടാക്കുന്ന കാര്യമാണെന്നും തൻ്റെ ഹർജിയിൽ അരവിന്ദ് കെജ്‌രിവാൾ ആരോപിക്കുന്നുണ്ട്.

നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കെജ്‌രിവാളിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തതെന്നും ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെന്നും കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകൻ രജത് ഭരദ്വാജ് പറഞ്ഞു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് കെജ്‌രിവാളിൻ്റെ ഹർജി പരിഗണിക്കുക. ഹർജി വ്യാഴാഴ്ച പരിഗണിക്കണമെന്നായിരുന്നു കെജ്‌രിവാളിന്റെ അഭിഭാഷകൻ പറഞ്ഞത്. എന്നാൽ പേപ്പറുകൾ പരിശോധിക്കട്ടെയെന്നും അത് കഴിഞ്ഞ് പരിഗണിക്കാമെന്നും ജസ്റ്റിസ് മൻമോഹൻ പറഞ്ഞു.

നേരത്തെ സിബിഐ അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മൂന്ന് ദിവസത്തെ കസ്റ്റഡി അവസാനിച്ചതോടെയാണ് സിബിഐ കോടതിയില്‍ നിന്നും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിൽ വാങ്ങിയിരുന്നത്. തിഹാര്‍ ജയിലിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് കോടതി നേരത്തെ കെജ്‌രിവാളിനെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്. സൗത്ത് ഗ്രൂപ്പ് മദ്യ നയത്തില്‍ കെജ്‌രിവാള്‍ ഇടപെട്ടു എന്നതിന് തെളിവ് ഉണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.

സ്വകാര്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ കെജ്‌രിവാള്‍ സൗത്ത് ഗ്രൂപ്പുമായിചര്‍ച്ച നടത്തിയെന്നും സൗത്ത് ഗ്രൂപ്പ് ആവശ്യപ്പെട്ട രീതിയില്‍ നയമുണ്ടാക്കിയെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചത്. ഈ കാര്യങ്ങള്‍ പരിശോധിക്കാന്‍ കെജ്‌രിവാളിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.