റോഡ് ഷോയ്ക്കിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കയ്യേറ്റം ചെയ്ത സംഭവം വിവാദമാകുന്നു. അദ്ദേഹത്തെ ആക്രമിച്ചയാള്‍ കടുത്ത മോദി ഭക്തനാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ആരോപിച്ചു. അക്രമിയുടെ ഭാര്യ തന്നെ തന്റെ ഭര്‍ത്താവ് മോദി ഭക്തനാണെന്ന് സമ്മതിച്ചെങ്കിലും പൊലീസ് അദ്ദേഹത്തെ ആം ആദ്മി പിന്തുണക്കാരനാക്കുകയായിരുന്നെന്നും സിസോദിയ കുറ്റപ്പെടുത്തി.
“അക്രമിയുടെ ഭാര്യ തന്നെ അയാള്‍ മോദി ഭക്തനാണെന്ന് പറയുന്നു. എന്നാല്‍ പൊലീസ് അവകാശപ്പെടുന്നത് അയാള്‍ ആം ആദ്മി പ്രവര്‍ത്തകനാണെന്നാണ്. പൊലീസ് ബി.ജെ.പിയുടെ കയ്യിലാകുമ്പോള്‍ അതെല്ലാം എളുപ്പമാണല്ലോ”- സിസോദിയ ട്വിറ്ററില്‍ കുറിച്ചു.
തിരഞ്ഞെടുപ്പ് റോഡ് ഷോയ്ക്കിടെയായിരുന്നു കെജ്രിവാളിന് നേരെ ആക്രമണം ഉണ്ടായത്. സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്ന സുരേഷ് (33) ആണ് കെജ്രിവാളിനെ ആക്രമിച്ചത്. തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയായിരുന്ന കെജ്രിവാളിന്റെ മുഖത്തടിയ്ക്കുകയായിരുന്നു ഇയാള്‍. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നെങ്കില്‍ യുവാവ് ആം ആദ്മിക്കാരനാണെന്നായിരുന്നു ബി.ജെ.പി പറഞ്ഞത്.
ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇയാളെ കൂട്ടം ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസെത്തി രക്ഷപ്പെടുത്തുകയായിരുന്നു. സുരേഷ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.