വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. മമതാ ദീദിയ്ക്ക് വ്യക്തിപരമായി താന്‍ നന്ദി പറയുന്നുവെന്നാണ് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ സഖ്യത്തെ കുറിച്ച് പ്രഖ്യാപിച്ചു കൊണ്ട് കുറിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസും അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും തന്റെ പാര്‍ട്ടിയായ ആംആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചതായി മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അറിയിച്ചു.
കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു കൊണ്ടാണ് അരവിന്ദ് കെജ്രിവാള്‍ മമതയുടേയും അഖിലേഷിന്റേയും പിന്തുണ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് അനുകൂലമായി സഖ്യ നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാത്തതാണ് കെജ്രിവാളിനെ ചൊടിപ്പിച്ചത്. ജാഗ്രതയോടെ ഭാരതീയ ജനതാ പാര്‍ട്ടിയുമായി ‘പങ്കാളിത്തത്തിന്’ നില്‍ക്കുന്നുവെന്നാണ് കോണ്‍ഗ്രസിന് മേല്‍ കെജ്രിവാളിന്റെ ആക്ഷേപം. എഎപി, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നീ നാല് പാര്‍ട്ടികളും ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റ് ഇന്‍ക്ലൂസീവ് അലയന്‍സ് അഥവാ ഇന്ത്യ സഖ്യത്തിലെ അംഗങ്ങളാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംയുക്തമായാണ് ഇവരെല്ലാം ബിജെപിയെ നേരിട്ടത്. പക്ഷേ സംസ്ഥാന തിരഞ്ഞെടുപ്പുകളിലേക്ക് വരുമ്പോള്‍ ഈ ഒത്തൊരുമയൊന്നും ഇന്ത്യ സഖ്യത്തിന് ഉണ്ടാവാറില്ല. പാര്‍ട്ടി താല്‍പര്യങ്ങളാണ് ഓരോ കക്ഷിക്കും പ്രധാനം.
തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹിയില്‍ പിന്തുണ നല്‍കിയതോടെ വ്യക്തിപരമായി താന്‍ നന്ദിയുള്ളവനാണെന്ന് കെജ്രിവാള്‍ എക്സില്‍ ഒരു പോസ്റ്റിലൂടെയാണ് അറിയിച്ചത്. തൃണമൂല്‍ രാജ്യസഭാ എംപി ഡെറെക് ഒബ്രിയാന്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ പിന്തുണ ഉണ്ടെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
ഫെബ്രുവരിയില്‍ നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ സമാജ് വാദി പാര്‍ട്ടിയും പിന്തുണച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയില്‍ സമാജ്വാദി പ്രസിഡന്റ് അഖിലേഷ് യാദവിനോട് കെജ്രിവാള്‍ നന്ദി രേഖപ്പെടുത്തി എസ്പിയുടെ പിന്തുണ ലോകത്തെ അറിയിച്ചു.
‘വളരെ നന്ദി അഖിലേഷ് ജി, നിങ്ങള്‍ എപ്പോഴും ഞങ്ങളെ പിന്തുണയ്ക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്യുന്നു. ഞാനും ഡല്‍ഹിയിലെ ജനങ്ങളും ഇതിന് നന്ദിയുള്ളവരാണ്,’
ഇക്കാര്യത്തില്‍ ആദ്യം അഖിലേഷ് യാദവില്‍ നിന്നോ സമാജ്വാദി പാര്‍ട്ടിയില്‍ നിന്നോ ഒരു പരസ്യ പ്രസ്താവനയോ പ്രഖ്യാപനമോ ഉണ്ടായി ഇല്ലെങ്കിലും പിന്നീട് ആപിനെ പിന്തുണയ്ക്കാനുള്ള തന്റെ നിലപാട് അഖിലേഷ് അറിയിച്ചതായി എസ്പി വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു. 2020ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും തൃണമൂലും സമാജ്വാദി പാര്‍ട്ടിയും ആംആദ്മി പാര്‍ട്ടിക്ക് പിന്നിലാണ് അണിനിരന്നത്. കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നില്ലെന്ന് ആവര്‍ത്തിക്കുന്ന ആംആദ്മി പാര്‍ട്ടി സീറ്റി വിഭജന കാര്യത്തിലടക്കം കോണ്‍ഗ്രസിനോട് കടുംപിടുത്തം മാത്രമാണ് നടത്തിയത്. കോണ്‍ഗ്രസ് ഹാട്രിക് ഭരണത്തിലിരുന്ന സംസ്ഥാനമാണ് ആംആദ്മി പാര്‍ട്ടി പിടിച്ചടക്കിയതെന്നിരിക്കെ തിരിച്ചുവരാനുള്ള അവസരം കോണ്‍ഗ്രസിന് നല്‍കാത്ത തരത്തിലുള്ള സമ്മര്‍ദ്ദങ്ങളാണ് ഇന്ത്യ മുന്നണിയ്ക്കപ്പുറം ഡല്‍ഹിയില്‍ ആപ്- കോണ്‍ഗ്രസ് അസ്വാരസ്യത്തിന് കാരണമായത്.