ബിഹാറില്‍ തിരിച്ചടി; മധ്യപ്രദേശിൽ മത്സരിക്കാൻ തയ്യാറായി ഒവെെസിയുടെ എ.ഐ.എം.ഐ.എം

മധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി അസദുദ്ദീൻ ഒവെെസിയുടെ എഐഎംഐഎം. മധ്യപ്രദേശിലെ ഏഴ് ജില്ലകളിലായി ജൂലെെ ആറ് മുതൽ 13 വരെ നടക്കുന്ന തിരഞ്ഞെടുപ്പിലാണ് അസദുദ്ദീൻ ഒവെെസിയുടെ പാർട്ടിയായ എഐഎംഐഎം മത്സരിക്കാനിറങ്ങുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബീഹാറിൽ അഞ്ച് സീറ്റുകളും മഹാരാഷ്ട്രയിൽ രണ്ട് സീറ്റുകളും സ്വന്തമാക്കിയ  എഐഎംഐഎം 2023ന്റെ അവസാനത്തിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് സൂചനകളുണ്ട്.

രണ്ട് ഘട്ടങ്ങളായാണ് മധ്യപ്രദേശിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2023ന്റെ അവസാനത്തിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഉവെെസിയുടെ പാർട്ടി മത്സരിക്കുമെന്ന സൂചനകൾ കൂടി ഇത് നൽകുന്നുണ്ട്. ന​ഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലൂടെ മധ്യപ്രദേശ് രാഷ്ട്രീയത്തിലേക്ക് വരവറിയിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഉവെെസി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

“2023 ലെ നിയമസഭ തെരഞ്ഞെടുപ്പിനായുള്ള എല്ലാ ശ്രമങ്ങളും ഞങ്ങൾ തുടങ്ങി” എന്ന് ഉവെെസി അറിയിച്ചു. അതേസമയം, ബിഹാറില്‍ നിന്നുള്ള ഉവെെസിയുടെ എഐഎംഐഎമ്മിന്റെ അഞ്ച് എംഎല്‍എമാരില്‍ നാലുപേർ കഴിഞ്ഞദിവസം രാഷ്ട്രീയ ജനതാദളില്‍ ചേര്‍ന്നിരുന്നു. എംഎല്‍എമാരായ ഷാനവാസ് ആലം, മൊഹമ്മദ് ഇസ്ഹാര്‍ അസഫി, അഞ്ജര്‍ നയനി, സയ്യിദ് രുകുനുദ്ദീന്‍ അഹമ്മദ് എന്നിവരാണ് ആര്‍ജെഡിയില്‍ ചേര്‍ന്നത്.

സംസ്ഥാന അധ്യക്ഷന്‍ കൂടിയായ അക്തറുല്‍ ഇമാന്‍ മാത്രമാണ് നിലവിൽ ഉവെെസിയുടെ എഐഎംഐഎമ്മിൽ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ച അഞ്ചാമത്തെ എംഎല്‍എ. രാഷ്ട്രീയ ജനതാദളിലെത്തിയവരെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് അംഗത്വം നല്‍കി സ്വീകരിച്ചു