റെയില്‍വേസ് ബില്ലില്‍ തെറ്റായ പ്രചരണം നടക്കുന്നു; റെയില്‍വേ സ്വകാര്യവത്കരിക്കാനുള്ള അജണ്ടയില്ലെന്ന് അശ്വനി ബൈഷ്ണവ്

ഇന്ത്യന്‍ റെയില്‍വേ സ്വകാര്യ വത്കരിക്കാനുള്ള അജണ്ട കേന്ദ്ര സര്‍ക്കാരിനില്ലെന്ന് റെയില്‍വേ മന്ത്രി അശ്വനി ബൈഷ്ണവ്. റെയില്‍വേ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള റെയില്‍വേസ് ബില്‍ 2024 പാസാക്കവേ ആണ് കേന്ദ്ര മന്ത്രി നയം വ്യക്തമാക്കിയത്. എന്നാല്‍ റെയില്‍വേസ് ബില്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ശബ്ദ വോട്ടിലൂടെയാണ് പാസാക്കിയത്.

പ്രതിപക്ഷം ബില്ലില്‍ തെറ്റായ പ്രചരണം നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഭേദഗതി റെയില്‍വേയുടെ സ്വകാര്യവത്കരണത്തിലേയ്ക്ക് നയിക്കുമെന്ന വാദങ്ങള്‍ ശരിയല്ല. റെയില്‍വേ മേഖലയെ മെച്ചപ്പെടുത്താന്‍ ഒന്നിച്ചുനില്‍ക്കേണ്ടതുണ്ടെന്ന് പറഞ്ഞ മന്ത്രി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിച്ചു.

റെയില്‍വേയുടെ സ്വകാര്യവത്കരണത്തിലേയ്ക്ക് ബില്ല് നയിക്കുമെന്ന വാദം തെറ്റാണ്. റെയില്‍വേയെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യം. റെയില്‍വേ സുരക്ഷയില്‍ വിട്ടുവീഴ്ച് ഉണ്ടാവുകയില്ല. ട്രാക്ക്, ട്രെയിന്‍, ലെവല്‍ ക്രോസ് എന്നിവയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കും. പഴയ ട്രാക്കുകള്‍ നവീകരിച്ചതിന്റെ ഗുണം ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.