കേന്ദ്രം ഇന്ധന നികുതി കുറച്ചത് പോലെ സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ നിലപാടിനെതിരെ തമിഴ്‌നാട്. കേന്ദ്രം 2014 മുതല്‍ പെട്രോളിനും ഡീസലിനും നികുതി വര്‍ദ്ധിപ്പിച്ചപ്പോള്‍ ഏതെങ്കിലും സംസ്ഥാനങ്ങളോട് ചോദിച്ചിരുന്നോ എന്ന് തമിഴ്‌നാട് ധനമന്ത്രി പി.ത്യാഗരാജന്‍ ചോദിച്ചു. ഇന്ധന നികുതി സംബന്ധിച്ച നിര്‍മല സീതാരാമന്റെ ട്വീറ്റിന് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേന്ദ്രം ഇന്ധനവില കുറയ്ക്കുമ്പോള്‍ മാത്രം സംസ്ഥാനങ്ങളോട് നികുതി വെട്ടിക്കുറയ്ക്കാന്‍ പറയുന്നു. ഇതാണോ ഫെഡറലിസമെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തിലെത്തിയപ്പോഴാണ് ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പെട്രോള്‍ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. നിര്‍മല സീതാരാമനാണ് ഇന്നലെ ഇക്കാര്യം അറിയിച്ചത്. അതേസമയം പുതുക്കിയ ഇന്ധന വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
അതേസമയം ഇന്ധനവില കുറച്ചതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. കേന്ദ്രം ജനങ്ങളെ കബളിപ്പിക്കുന്നത് നിര്‍ത്തണം. റെക്കോഡ് പണപ്പെരുപ്പത്തില്‍ നിന്നാണ് ജനങ്ങള്‍ക്ക് മോചനം വേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എട്ട് വര്‍ഷത്തെ ഏറ്റവും വഉയര്‍ന്ന വിലക്കയറ്റമാണ് ഇപ്പോള്‍ രാജ്യം നേരിടുന്നത്.