മൂന്ന് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട കുഞ്ഞിനെ കോടതിയുടെ ഇടപെടല്‍മൂലം അമ്മയ്ക്ക് തിരികെ ലഭിച്ചു. പ്രസവത്തിന് പിന്നാലെ ആശുപത്രി അധികൃതർക്കുണ്ടായ ആശയക്കുഴപ്പത്തിലാണ് അസമിലെ ബർപേട്ട സ്വദേശിനിയ്ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടത്. ഒരേ സമയത്ത് പ്രസവത്തിനെത്തിയ രണ്ടു യുവതികളുടെ പേരിലുണ്ടായ ആശയകുഴപ്പമാണ് കുഞ്ഞ് മാറിപോകാൻ കാരണമെന്നാണ് അധികൃതരുടെ വാദം.
മൂന്ന് കൊല്ലം മുമ്പ് ബർപേട്ടയിലെ സർക്കാർ ആശുപത്രിയിൽ നസ്മ ഖാനം, നസ്മ ഖാതുൻ എന്നീ യുവതികൾ ഒരേ സമയത്താണ് പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ടത്. എന്നാൽ നസ്മ ഖാതുന്റെ കുഞ്ഞ് പ്രസവത്തിൽ മരിച്ചു. എന്നാൽ യുവതികളുടെ പേര് മൂലമുണ്ടായ ആശയക്കുഴപ്പത്തിൽ ആശുപത്രി ജീവനക്കാർ നസ്മ ഖാനത്തിന്റെ കുഞ്ഞിനെ നസ്മ ഖാതുന് നൽകുകയായിരുന്നു.
ആരോഗ്യവാനായ കുഞ്ഞിനാണ് ജന്മം നൽകിയതെന്ന വാദത്തിൽ നസ്മ ഖാന്റെ ബന്ധുക്കൾ ഉറച്ചു നിന്നു. തുടർന്ന് ആശുപത്രി രേഖകൾ പരിശോധിച്ചതിൽ നിന്നാണ് സമാനനാമമുള്ള യുവതികൾ ഒരേ സമയം ആശുപത്രിയിലുണ്ടായിരുന്നതായി കണ്ടെത്തിയത്. തുടർന്ന് ബർപേട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
കുഞ്ഞിനെ കടത്തിക്കൊണ്ടുപോയൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി പോലീസ് കേസന്വേഷണം ആരംഭിച്ചു. 2020 ഒക്ടോബര്‍ എട്ടിന് ഡിഎന്‍എ പരിശോധനയ്ക്ക് അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചു. തുടർന്ന് ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ അമ്മയെ തിരിച്ചറിയുകയും കുഞ്ഞിനെ കൈമാറാന്‍ കോടതി ഉത്തരവിടുകയുമായിരുന്നു.