ജനവിധി തേടി രാജസ്ഥാൻ; 199 മണ്ഡലങ്ങളിലെ ജനങ്ങൾ ബൂത്തിലേയ്ക്ക്, വിജയ പ്രതീക്ഷയിൽ മുന്നണികൾ

ഏറെ നാൾ നീണ്ടു നിന്ന് പ്രചാരണങ്ങൾക്കൊടുവിൽ രാജസ്ഥാനിലെ ജനങ്ങൾ ഇന്ന് വിധിയെഴുതും. നിയമസഭയിലേക്കുളള വോട്ടെടുപ്പ് രാവിലെ ഏഴു മണിയോടെ ആരംഭിച്ചു. 200 മണ്ഡലങ്ങളില്‍199 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 1875 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ 7 മണി മുതലാണ് തെരഞ്ഞെടുപ്പ്. അഞ്ച് കോടിയലധികം വോട്ടര്‍മാര്‍ക്കായി 51,756 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തില്‍ മാത്രം പോളിംഗ് പിന്നീട് നടക്കും. മുഖ്യമന്ത്രി അശോക് ഗലോട്ട് ജോധ് പൂരിലെ സര്‍ദാര്‍ പുരയിലും, ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ ഝല്‍റാ പതാനിലുമാണ് വോട്ട് രേഖപ്പെടുത്തുക. മികച്ച ഭൂരിപക്ഷത്തിൽ കോൺഗ്രസിന് ഭരണത്തുടർച്ച ലഭിക്കുമെന്നാണ് മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ പ്രതീക്ഷ.

മോദി തരംഗം ആഞ്ഞടിച്ചില്ലെങ്കിലും മോദിയെ തന്നെ മുഖമാക്കി നടത്തിയ പ്രചരണം ഭരണമാറ്റത്തിന് സഹായിക്കുമെന്ന പ്രീക്ഷയിലാണ് ബിജെപി.രാജസ്ഥാനില്‍ മാത്രമല്ല മോദി മുന്നില്‍ നിന്ന് നയിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും വിജയിക്കുമെന്ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രതീക്ഷ പ്രകടിപ്പിച്ചു.