നിയമസഭാ തിരഞ്ഞെടുപ്പ്; കാലിടറിയ പ്രമുഖര്‍

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുമ്പോള്‍ അതിദയനീയ മായ പരാജയമാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. ഭരണം നിലനിര്‍ത്തിയിരുന്ന പഞ്ചാബില്‍ അടക്കം കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ക്ക് പ്രതീക്ഷ നഷ്ടമായി.

വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ആംആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തിനാണ് പഞ്ചാബ് സാക്ഷ്യം വഹിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന ചരണ്‍ജീത് സിങ് ഛന്നി മത്സരിച്ച രണ്ട് സീറ്റിലും തോറ്റു. അമൃത്ത്സര്‍ ഈസ്റ്റില്‍ മത്സരിച്ച പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവും പരാജയപ്പെട്ടു. ലാംബിയില്‍ മത്സരിച്ച ശിരോമണി അകാലിദളിന്റെ നേതാവ് പ്രകാശ് സിങ് ബാദലും ലീഡ് നിരയില്‍ പിന്നിലാണ്.

മുന്‍ മുഖ്യമന്ത്രിയായിരുന്ന അമരിന്ദര്‍ സിങ്ങും മത്സരിച്ച രണ്ട് സീറ്റുകളില്‍ എഎപിയോട് തോറ്റു. കോണ്‍ഗ്രസില്‍ നിന്ന് മാറി പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിയോടൊപ്പം ചേര്‍ന്നായിന്നു അദ്ദേഹം ഇത്തവണ മത്സരിച്ചിരുന്നത്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും ഹരീഷ് റാവത്തും, ഗംഗോത്രിയില്‍ എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി അജയ് കോട്ടിയാലും ലീഡ് നിരയില്‍ പിന്നിലാണ്. തന്റെ അപ്രതീക്ഷിത തോല്‍വിയില്‍ ഹരീഷ് റാവത്ത് ജനങ്ങളോട് മാപ്പു പറഞ്ഞിരിക്കുകയാണ്.

Read more

ഗോവയില്‍ ബിജെപിയില്‍ നിന്നും മാറി സ്വതന്ത്രനായി മത്സരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ തോറ്റു. ഉത്തര്‍പ്രദേശ് ഹസ്തിനപുരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടിയും മോഡലുമായ അര്‍ച്ചന ഗൗതമും ഏറെ പിന്നിലാണ്.