''പുറത്ത് അടിയേറ്റതിനു പിന്നാലെ ഓടി മാറാൻ ശ്രമിച്ചു, പ്രധാന ഗേറ്റിലെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു''; ജെ.എൻ.യു സംഭവത്തെ കുറിച്ച് അസിസ്റ്റന്റ് പ്രൊഫസറിന്റെ കുറിപ്പ്

ഞായറാഴ്ചയാണ് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ മുഖംമൂടിയണിഞ്ഞെത്തിയ ഒരു സംഘം ആളുകൾ കാമ്പസിനകത്ത് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പരിക്കേറ്റിരുന്നു. എന്നാൽ പരിക്കേറ്റവരെയും കൊണ്ട് പ്രധാന ഗേറ്റിലെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നുവെന്ന് പറയുകയാണ് അസിസ്റ്റന്റ് പ്രൊഫസർ അമീത്ത് പരമേശ്വരൻ. മനോരമ ഓണ്‍ലൈനിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. പ്രധാന ഗേറ്റിലെത്തിയപ്പോൾ ഒരു ഭാഗത്തു പൊലീസും മറുഭാഗത്തു സർവകലാശാല സെക്യൂരിറ്റി ജീവനക്കാരുമുണ്ടെങ്കിലും കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതു യൂണിഫോമിലല്ലാത്ത ഒരു ഗുണ്ടയുമായിരുന്നുവെന്ന് അമീത്ത് പറയുന്നു.  സ്കൂൾ ഓഫ് ആർട് ആൻഡ് ഈസ്തറ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ കൊച്ചുമകനുമാണ് അമീത്ത് പരമേശ്വരൻ എഴുതുന്നു. അക്രമത്തിൽ അമീത്തിനും പരിക്കേറ്റിരുന്നു.

അമീത്ത് പരമേശ്വരൻറെ കുറിപ്പ്,

കാമ്പസിൽ മുൻദിവസങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ചാണ്  ജെഎൻയു അധ്യാപക അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗത്തിന് ആഹ്വാനം ചെയ്തത്. ഇതനുസരിച്ച് 4 മണിയോടെ ഞാൻ സബർമതി ഹോസ്റ്റലിനു സമീപമെത്തി.

പ്രതിഷേധം ആറുമണിയോടെ അവസാനിച്ചു. അതിനു ശേഷം സംസാരിച്ചു നിൽക്കുകയായിരുന്നു അധ്യാപകരും വിദ്യാർഥികളും. ഇതിനിടെയാണ് പെരിയാർ ഹോസ്റ്റലിനു സമീപം മുഖംമൂടി ധരിച്ച സംഘമുണ്ടെന്നും എന്തോ നടക്കാൻ പോകുന്നുവെന്നുമുള്ള സന്ദേശം ലഭിച്ചത്. ഞങ്ങൾ അധ്യാപകരാണല്ലോ, കാര്യം തിരക്കാം എന്നു കരുതി അങ്ങോട്ടു പോകാൻ തുടങ്ങി. നടന്നു തുടങ്ങിയപ്പോഴാണ് ഏതാനും വിദ്യാർഥികളെത്തി അങ്ങോട്ടു പോകരുതെന്നും വല്ലാത്ത സാഹചര്യമാണെന്നും അറിയിച്ചത്.

ഇതിനിടെ അമിത് തോറത്ത് എന്ന അധ്യാപകൻ സൈക്കിളിൽ പെരിയാറിലേക്കു പോയി. അക്രമസംഭവങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിച്ച അദ്ദേഹത്തെ നാലഞ്ചുപേർ വളഞ്ഞു. ചിത്രങ്ങൾ ഡിലീറ്റ് ചെയ്യിക്കുകയും മർദിക്കുകയും ചെയ്തു. സൈക്കിൾ ഉപേക്ഷിച്ച് ഓടി അദ്ദേഹം ഞങ്ങളുടെ അടുത്തെത്തി. വലിയ സംഘമാണെന്നും അവരുടെ പക്കൽ ആയുധങ്ങളുണ്ടെന്നും സബർമതിയിൽ കാത്തുനിൽക്കാനുമായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.

ഇരുട്ടായപ്പോഴാണു സബർമതിയിലേക്കു വലിയ ഒച്ചപ്പാടുകളുമായി സംഘമെത്തിയത്. പിന്നാലെ കല്ലേറു തുടങ്ങി. വലിയ കല്ലുകൾ. റോഡിലും മറ്റും കിടക്കുന്ന തരത്തിലുള്ളതല്ലെന്നു തീർച്ച. ഒപ്പം കാറുകളും മറ്റും തല്ലിത്തകർക്കാനും തുടങ്ങി. ഇതിനിടെയാണ് എനിക്കും മർദനമേറ്റത്.

പുറത്ത് അടിയേറ്റതിനു പിന്നാലെ ഓടിമാറാൻ ശ്രമിക്കുമ്പോൾ കല്ലേറിൽ തലയ്ക്കു പരുക്കേറ്റ പ്രഫ. സുചരിത സെന്നിനെ കണ്ടു. രക്തമൊഴുകി നിൽക്കുന്ന ഇവരെയും കൂട്ടി പോകാൻ നോക്കുന്നതിനിടെ ഒരു വിദ്യാർഥി ബൈക്കിലെത്തി.

പ്രഫ. സുചരിതയെ ആശുപത്രിയിലെത്തിക്കാൻ വിദ്യാർഥിക്കൊപ്പം ബൈക്കിൽ കയറി. ക്യാമ്പസിലെ  ഹെൽത്ത് സെന്റർ കഴിഞ്ഞ ദിവസങ്ങളിൽ നേരത്തേ അടച്ചതിനാൽ പുറത്ത് ആശുപത്രിയിലേക്കു പോകാമെന്നായി വിദ്യാർഥി.

എന്നാൽ  പ്രധാന ഗേറ്റിലെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഒരു ഭാഗത്തു പൊലീസും മറുഭാഗത്തു സർവകലാശാല സെക്യൂരിറ്റി ജീവനക്കാരുമുണ്ടെങ്കിലും കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതു യൂണിഫോമിലല്ലാത്ത ഒരു ഗൂണ്ട.  വിദ്യാർഥിയുടെ കയ്യിൽ പിടിച്ചുവലിച്ച് നിങ്ങളാരാണ്, എവിടെ പോകുന്നു തുടങ്ങിയ ചോദ്യങ്ങൾ. അധ്യാപകരും വിദ്യാർഥിയുമാണെന്നു പറ‍ഞ്ഞിട്ടും ഫലമുണ്ടായില്ല.

പ്രഫ. സുചരിതയുടെ നില വഷളാകുന്ന സാഹചര്യമായതിനാൽ ക്യാമ്പസിനുള്ളിലെ ഹെൽത്ത് സെന്ററിലേക്കു കൊണ്ടുപോയി. അവിടെയെത്തി പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അവർ നൽകിയ ആംബുലൻസിൽ എയിംസിലേക്കു പോയി. നോർത്ത് ഗേറ്റ് വഴി പുറത്തുകടക്കാനെത്തിയപ്പോൾ അവിടെ വീണ്ടും പ്രശ്നം. മുന്നിൽ 2 ആംബുലൻസ് വേറെയുമുണ്ടായിരുന്നു. എന്നാൽ ആംബുലൻസിനെയൊന്നും മുന്നോട്ടു പോകാൻ അനുവദിച്ചില്ല. ഒടുവിൽ മറ്റൊരു ഗേറ്റിലൂടെയാണ് ഞങ്ങളെല്ലാം പുറത്തെത്തിയത്.

ക്യാമ്പസിൽ അക്രമി സംഘമെത്തിയെന്ന വിവരം ജെഎൻയു ചീഫ് സെക്യൂരിറ്റി ഓഫിസർ നവീൻ യാദവിനെ ഉൾപ്പെടെ അറിയിച്ചിരുന്നു. പക്ഷേ മറ്റാരോ തയാറാക്കിയ പദ്ധതികൾക്ക് ഇവരെല്ലാം ഭാഗമായി എന്നുവേണം കരുതാൻ. പൊലീസും സുരക്ഷാ ജീവനക്കാരുമൊന്നും സഹായിച്ചില്ല. വിദ്യാർഥിയെന്ന നിലയിലും അധ്യാപകനായും ജെഎൻയുവിൽ വർഷങ്ങൾ ചെലവഴിച്ചിട്ടുണ്ട്. എന്നാൽ ഇത്തരമൊരു അനുഭവം ആദ്യമാണ്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ