കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്ത ഒരാള്‍ക്ക് ആന്റിജന്‍ പരിശോധന മതിയെന്ന് ഐസിഎംആര്‍. ആന്റിജന്‍ പരിശോധന നെഗറ്റീവ് ആയാലും രോഗം ഇല്ലെന്ന് ഉറപ്പിക്കാന്‍ ആര്‍ടി പിസിആര്‍ ടെസ്റ്റ് കൂടി നടത്തണം എന്നാണ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്.
എന്നാല്‍, ആന്റിജന്‍ പരിശോധനയുടെ എണ്ണം കൂട്ടാന്‍ നിര്‍ദേശിച്ച് സംസ്ഥാനങ്ങള്‍ക്ക് ഐസിഎംആര്‍ അയച്ച കത്തിലാണ് പുതിയ നിര്‍ദേശമുള്ളത്. ചുമ, തൊണ്ടവേദന, പനി എന്നിവയില്‍ ഏതെങ്കിലും ഒരു ലക്ഷണം ഉള്ളവരിലാണ് ആന്റിജന്‍ നെഗറ്റീവ് ആയാലും കോവിഡ് പരിശോധന നടത്തേണ്ടത്.
ആന്റിജന്‍ പരിശോധനാഫലം പോസിറ്റീവ് ആയാല്‍ കോവിഡ് സ്ഥിരീകരിക്കാമെന്നും ഐസിഎംആര്‍ പറയുന്നു. ചെലവ് കുറവ്, അര മണിക്കൂറിനുള്ളില്‍ ഫലം അറിയാം എന്നിവയാണ് ആന്റിജന്‍ പരിശോധനയുടെ നേട്ടങ്ങള്‍. സങ്കീര്‍ണമായ ഉപകരണങ്ങളും ആന്റിജന്‍ പരിശോധനക്ക് ആവശ്യമില്ല.