ഔദ്യോഗീക വസതിയിൽ നിന്നും ആതിഷിയുടെ സാധനങ്ങൾ ഒഴിപ്പിച്ചു ; ആരോപണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

ഡൽഹി മുഖ്യമന്ത്രിക്കായി അനുവദിച്ചിട്ടുള്ള ഔദ്യോഗിക വസതിയിൽ നിന്നും അതിഷിയുടെ സാധനങ്ങൾ പിഡബ്ല്യുഡി ഒഴിപ്പിച്ചതായി ആരോപണം. ഈ വസതി ഔദ്യോഗികമായി അതിഷിക്ക് നൽകിയിട്ടില്ലെന്ന കാരണത്താലാണ് ഒഴിപ്പിക്കലെന്നാണ് വിശദീകരണം. ഡൽഹി ഗവർണർ വിനയ് കുമാർ സക്സേനയാണ് ഈ നടപടിക്ക് പിന്നിലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആരോപണം.

ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്നും മുഖ്യമന്ത്രിയുടെ തന്നെ സാധനങ്ങൾ പി.ഡബ്ല്യു.ഡി. അനധികൃതമായി ഒഴിപ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ എക്സിൽ പങ്കുവെച്ചിട്ടുള്ളത്.

രണ്ടുദിവസം മുമ്പാണ് ഡൽഹി മുഖ്യമന്ത്രി അതിഷി ഈ വസതിയിലേക്ക് താമസം മാറ്റിയത്. ഇതിനുമുമ്പ് മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളായിരുന്നു ഇവിടെ താമസിച്ചിരുന്നത്.

കെജ്രിവാൾ ഉപയോഗിച്ചിരുന്ന മുഖ്യമന്ത്രിയുടെ വസതിയെ ചൊല്ലി ഇതിനുമുമ്പും ബിജെപി വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പാവപ്പെട്ടവരുടെ പ്രതിനിധി എന്നുപറഞ്ഞ് അധികാരത്തിൽ എത്തിയ കെജ്രിവാൾ ഔദ്യോഗിക വസതിയിൽ അത്യാഢംബരപൂർണമായ ജീവിതമാണ് നയിക്കുന്നതെന്നായിരുന്നു ബിജെപിയുടെ പ്രധാന ആരോപണം. ‘ഷീഷ്മഹൽ’ എന്നാണ് അവർ ഈ വസതിയെ വിളിച്ചിരുന്നത്. ഈ വീട് കൈവിട്ടു പോകാതിരിക്കാനാണ് അതിഷിയെ ഇവിടേക്ക് താമസം മാറ്റിച്ചതെന്നും ബിജെപി ആരോപിക്കുന്നു.