കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനു നേരെ ആക്രമണം. ഡൽഹിയിലെ നന്ദ്‌നഗരിയില്‍ വച്ചാണ് സംഭവം. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പൂമാല അണിയിക്കാനെന്ന വ്യാജേന എത്തിയ എട്ടോളം പേരടങ്ങിയ സംഘം കനയ്യയെയും പ്രവര്‍ത്തകരേയും കയ്യേറ്റം ചെയ്യുകയായിരുന്നു. കനയ്യക്ക് നേരെ ഈ സംഘം മഷിയെറിഞ്ഞു.
നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് കനയ്യ കുമാർ. കനയ്യയുടെ ഒപ്പമുണ്ടായിരുന്നവര്‍ ആക്രമണം തടയാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. ബിജെപി സ്ഥാനാര്‍ഥി മനോജ് തിവാരിയുടെ അനുയായികളാണ് ആക്രമണത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കറുത്ത മഷി എറിയുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കയ്യേറ്റം തുടങ്ങുന്നതിനു മുന്‍പ് ‘കനയ്യയെ ഇപ്പോള്‍ ആക്രമിക്കുമെന്ന്’ ഒരാള്‍ പറയുന്നത് വീഡിയോയിൽ കേള്‍ക്കാം.
ആം ആദ്മി പാര്‍ട്ടി വനിതാ കൗണ്‍സിലര്‍ ഛായ ഗൗരവ് ശര്‍മയോട് അക്രമികള്‍ അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്. ഇരുവരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. താനും കനയ്യ കുമാറും കര്‍താര്‍ നഗറിലെ പാര്‍ട്ടി ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഏഴോ എട്ടോ പേര്‍ അടങ്ങുന്ന സംഘം അദ്ദേഹത്തെ ഹാരമണിയിക്കാനെത്തുകയും മഷി എറിയുകയും തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്തുവെന്ന് ഛായ ഗൗരവ് ശര്‍മ പരാതിയില്‍ പറയുന്നു. നാലോളം സ്ത്രീകള്‍ക്ക് പരിക്കേറ്റതായും ഒരു വനിതാ മാധ്യമപ്രവര്‍ത്തക അഴുക്കുചാലില്‍ വീണതായും പരാതിയില്‍ പറയുന്നു. അക്രമികള്‍ തന്നെ ഒരുവശത്തേക്ക് തള്ളിമാറ്റിയെന്നും ഭര്‍ത്താവിനേയും തന്നേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഛായ പരാതിയില്‍ പറയുന്നു.
പരാതി പരിശോധിച്ച് വരികയാണെന്നും ശേഷം നടപടിയെടുക്കുമെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. നേരത്തെ, കനയ്യയുടെ സ്ഥാനാര്‍ഥിത്വത്തിന് എതിരെ കോണ്‍ഗ്രസില്‍ തന്നെ തര്‍ക്കമുണ്ടായിരുന്നു. കനയ്യ പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിയാണെന്ന് ആരോപിച്ച് ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും പോസ്റ്റര്‍ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. കനയ്യക്ക് സീറ്റ് നല്‍കിയത് അടക്കമുള്ള വിഷയങ്ങളെ തുടര്‍ന്നാണ് പിസിസി അധ്യക്ഷനായിരുന്ന അര്‍വിന്ദര്‍ സിങ് ലവ്‌ലി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡൻ്റ്‌സ് യൂണിയൻ പ്രസിഡൻ്റായും ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ്റെ നേതാവായും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിരുന്ന കനയ്യ കുമാർ, 2021 ലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നത്.