മൈസൂരുവില്‍ കേരള ആര്‍.ടി.സിബസ് സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ടു; ഡ്രൈവറുടെ ക്യാബിനില്‍ കയറി ചോദ്യം ചെയ്ത് യുവതി; ചില്ല് അടിച്ചുപൊട്ടിച്ച് നാട്ടുകാര്‍

മിതവേഗതയില്‍ എത്തിയ കേരള ആര്‍ടിസിയുടെ ബസ് സ്‌കൂട്ടറില്‍ തട്ടിയെന്ന് ആരോപിച്ച് യുവതി ബസ് തടഞ്ഞിട്ടു. നാട്ടുകാര്‍ ചില്ല് അടിച്ചുപൊട്ടിച്ചു. കെഎസ്ആര്‍ടിസിയുടെ അന്തര്‍ സംസ്ഥാന സര്‍വീസിനെതിരെ മൈസൂരുവിലാണ് ആക്രമണം ഉണ്ടായത്.  മൈസൂരുവിലെ മണിപ്പാല്‍ ആശുപത്രിക്കു സമീപം ഇന്നലെയായിരുന്നു സംഭവം.

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് യുവതി ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന്  ബസ് സ്‌കൂട്ടര്‍ യാത്രിക തടഞ്ഞിട്ടു.

റോഡില്‍ സ്‌കൂട്ടര്‍ കുറുകെയിട്ട് ബസ് തടഞ്ഞ സ്ത്രീ ഡ്രൈവര്‍ സീറ്റിന്റെ വാതില്‍ തുറന്ന് ബസിനകത്ത് പ്രവേശിച്ച്‌ ജീവനക്കാരോട് കയര്‍ത്തു. ഇതിനിടെ, സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരില്‍ ചിലര്‍ സൂപ്പര്‍ഫാസ്റ്റ് ബസിന്റെ വലതുവശത്തെ കണ്ണാടി അടിച്ചുതകര്‍ത്തു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൈസൂരു പോലീസ് ബസ് സ്റ്റേഷനിലെത്തിച്ച് രേഖാമൂലം പരാതി തന്നാല്‍മാത്രമേ കേസെടുക്കാന്‍ സാധിക്കൂവെന്ന് വ്യക്തമാക്കി. എന്നാല്‍, കേരള ആര്‍ടിസി ജീവനക്കാര്‍ പരാതി നല്‍കാന്‍ തയ്യാറായില്ല. വിവരം കോഴിക്കോട് ഹെഡ്ഓഫീസില്‍ അറിയിച്ചശേഷം ബസ് യാത്ര തുടര്‍ന്നു. സംഭവസമയം 39 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഇരുവരും രേഖാമൂലം പരാതി നല്‍കാത്തതിനാലും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകാതിരിക്കാനുമാണ് ബസ് വിട്ടു നല്‍കിയതെന്ന് കര്‍ണാടക പോലീസ് അറിയിച്ചു.