ഹാസ്യനടൻ കുനാൽ കമ്രയ്‌ക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കാൻ അനുമതി നൽകി അറ്റോർണി ജനറൽ. സുപ്രീംകോടതിയെ അന്യായമായി ആക്രമിക്കുന്നത് ശിക്ഷാർഹമാണെന്ന് ആളുകൾ മനസ്സിലാക്കേണ്ട സമയമാണിത് എന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ പറഞ്ഞു.
കുനാൽ കമ്രയുടെ ട്വീറ്റ് അങ്ങേയറ്റം ആക്ഷേപകരമാണെന്ന് കണ്ടെത്തിയ അറ്റോർണി ജനറൽ 1971 ലെ കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷൻ 15 (1) (ബി) പ്രകാരം കേസെടുക്കാൻ അനുമതി നൽകി.
സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന കുനാൽ കമ്രയുടെ ട്വീറ്റിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ അഭിഭാഷകനായ റിസ്വം സിദ്ദീഖിയാണ് പരാതിപ്പെട്ടത്.
അർണബിന് ജാമ്യം അനുവദിച്ചതിന് പിന്നാലെയുള്ള കുനാൽ കമ്രയുടെ ട്വീറ്റുകൾ വിവാദമായിരുന്നു. കാവി നിറമണിഞ്ഞ് ബി.ജെ.പി പതാക പാറുന്ന സുപ്രീംകോടതിയുടെ ചിത്രമടക്കമാണ് കുനാൽ ട്വീറ്റ് ചെയ്തത്.
“അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് വിശ്വസിച്ച് ഇന്ത്യയിലെ സുപ്രീം കോടതിയെയും അതിന്റെ ജഡ്ജിമാരെയും ധൈര്യത്തോടെയും ധിക്കാരത്തോടെയും അപലപിക്കാൻ കഴിയുമെന്ന് ആളുകൾ വിശ്വസിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ഭരണഘടന പ്രകാരം അഭിപ്രായ സ്വാതന്ത്ര്യം കോടതിയലക്ഷ്യ നിയമത്തിന് വിധേയമാണ് ഇന്ത്യൻ സുപ്രീം കോടതിയെ അന്യായമായും ധിക്കാരപരമായും ആക്രമിക്കുന്നത് 1972- ലെ കോടതിയലക്ഷ്യ നിയമപ്രകാരം ശിക്ഷ ആകർഷിക്കുമെന്ന് ആളുകൾ മനസ്സിലാക്കേണ്ട സമയമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു.” അറ്റോർണി ജനറൽ പറഞ്ഞു.