പൊലീസ് കസ്റ്റഡിയിൽ വച്ചുള്ള ക്രൂരമർദ്ദനത്തിന്റെ മറ്റൊരു കേസ് കൂടി തമിഴ്‌നാട്ടിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. പൊലീസ് കസ്റ്റഡിയിൽ ശാരീരിക പീഡനത്തെ തുടർന്ന് ഒരു ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 15 ദിവസത്തിന് ശേഷം മരിച്ചു.
മരിച്ച ഓട്ടോ ഡ്രൈവർ എൻ കുമരേശനെ ഭൂമി തർക്ക കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് വിളിപ്പിച്ചതായി ബന്ധു പറഞ്ഞു. കസ്റ്റഡിയിൽ പൊലീസ് ഇയാളെ മർദ്ദിച്ചുവെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഒരു ദിവസത്തെ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം, കുമരേശൻ വീട്ടിൽ തിരിച്ചെത്തി, ഇദ്ദേഹം ആരോടും അധികം സംസാരിച്ചില്ല. പിന്നീട് കുമരേശൻ രക്തം ഛർദ്ദിക്കാൻ തുടങ്ങി, സുരണ്ടായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് തിരുനെൽവേലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
കുമരേശന്റെ വൃക്കയ്ക്കും പ്ലീഹയ്ക്കും സാരമായ കേടുപാടുകൾ സംഭവിച്ചതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ഭൂമി തർക്ക കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ് നടത്തിയ ക്രൂരതയെക്കുറിച്ച് കുമരേശൻ വെളിപ്പെടുത്തി.
പൊലീസ് സ്റ്റേഷനുള്ളിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ആരോടും പറയരുതെന്നും പുറത്തുപറഞ്ഞാൽ തന്റെ പിതാവിനെ ഉപദ്രവിക്കുമെന്ന് പൊലീസുകാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും കുമരേശൻ പറഞ്ഞു.
Read more
കുമരേശന്റെ മരണശേഷം ഇന്നലെ വൈകുന്നേരം നീതി ആവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധ പ്രകടനം നടത്തി. ഐപിസി സെക്ഷൻ 174 (3) പ്രകാരം രണ്ട് പൊലീസുകാർ, സബ് ഇൻസ്പെക്ടർ ചന്ദ്രശേഖർ, കോൺസ്റ്റബിൾ കുമാർ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.