തീവ്രവാദ വിഭാഗങ്ങളില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതുതായി അനുവദിച്ച ഇസെഡ് കാറ്റഗറി സുരക്ഷ നിഷേധിച്ച് മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായോട് ആവശ്യപ്പെട്ടതായി യെദ്യൂരപ്പ വ്യക്തമാക്കി.
പൊതുജനങ്ങളുമായി ഇടപഴകുന്നതിന് ഇസെഡ് കാറ്റഗറി സുരക്ഷ തടസ്സമാകുമെന്നതിനാലാണിതെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് നിലവിലുള്ള സുരക്ഷ തുടര്‍ന്നാല്‍ മതിയെന്നും യെദ്യൂരപ്പ പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് യെദ്യൂരപ്പയ്ക്ക് ഇസെഡ് കാറ്റഗറി സുരക്ഷ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുവദിച്ചത്. കര്‍ണാടകത്തിലെ ചില തീവ്രവാദവിഭാഗങ്ങളില്‍നിന്ന് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.
യെദ്യൂരപ്പ കര്‍ണാടകത്തില്‍ സഞ്ചരിക്കുമ്പോള്‍ സുരക്ഷ നല്‍കാനായിരുന്നു തീരുമാനം. ഇതാണ് ഇപ്പോള്‍ അദേഹം തന്നെ നിക്ഷേധിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ ആറുമാസത്തെ ഭരണംകൊണ്ട് സംസ്ഥാനത്ത് വികസനം സ്തംഭിച്ചെന്നും കാറ്റുപോയ ചക്രമുള്ള വാഹനത്തിന്റെ അവസ്ഥയാണ് സര്‍ക്കാരിനെന്നും ബി.എസ്. യെദ്യൂരപ്പ ആരോപിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സര്‍ക്കാരിനുമേലുള്ള നിയന്ത്രണം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ക്ക് ഫണ്ടനുവദിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ വികസനപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. സ്ത്രീകളുടെ സൗജന്യ ബസ്യാത്രയൊഴികെ സര്‍ക്കാരിന്റെ മറ്റ് വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. ഗൃഹലക്ഷ്മി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത പകുതി വീട്ടമ്മമാര്‍ക്കും തുക ലഭിച്ചിട്ടില്ല. വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചു.
വരള്‍ച്ചാ പ്രശ്‌നത്തെ കൈകാര്യംചെയ്യുന്നതിലും പരാജയമാണ്. മുഖ്യമന്ത്രിയോ മന്ത്രിമാരോ വരള്‍ച്ചബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയോ കര്‍ഷകരെ കാണുകയോ ചെയ്തിട്ടില്ല. വേണ്ടത്ര ഫണ്ടനുവദിച്ചിട്ടില്ല. ആവശ്യമില്ലാതെ പ്രധാനമന്ത്രിയെ കുറ്റം പറയുകയാണ് സിദ്ധരാമയ്യ. ഈശീലം സിദ്ധരാമയ്യ അവസാനിപ്പിക്കണമെന്നും യെദ്യൂരപ്പ ആവശ്യപ്പെട്ടു.
കുറ്റപ്പെടുത്തല്‍ നിര്‍ത്തി പ്രധാനമന്ത്രിയെ പോയികണ്ട് സംസ്ഥാനത്തിനുവേണ്ട ഫണ്ട് വാങ്ങിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പരാജയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സംസ്ഥാനത്ത് പര്യടനം നടത്തുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.