ബാബ സിദ്ദിഖി കൊലപാതകം; പ്രായപൂർത്തിയായിട്ടില്ലെന്ന പ്രതിയുടെ വാദം പൊളിച്ചടുക്കി 'ബോൺ ഓസിഫിക്കേഷൻ' ടെസ്റ്റ് ഫലം

മഹാരാഷ്ട്രാ മുന്‍മന്ത്രിയും എന്‍സിപി അജിത് പവാര്‍ പക്ഷ നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ ധര്‍മരാജ് കശ്യപിന്റെ പ്രായപൂർത്തിയായിട്ടില്ലെന്ന വാദം പൊളിച്ച് ബോണ്‍ ഓസിഫിക്കേഷന്‍ പരിശോധന ഫലം. കോടതിയില്‍ ഹാജരാക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ആയിരുന്നു ധർമ്മരാജിന്റെ വാദം. എന്നാൽ ധര്‍മരാജ് പ്രായപൂര്‍ത്തിയായ ആളെന്ന് തെളിയിക്കുന്ന പരിശോധന ഫലം പുറത്തുവന്നു.

തനിക്ക് 17 വയസാണ് പ്രായമെന്നായിരുന്നു ധർമ്മരാജിന്റെ വാദം. എന്നാൽ ഇതിനെ എതിർത്ത പ്രോസിക്യൂഷൻ, ഇയാളുടെ ആധാര്‍ കാര്‍ഡിൽ ജനന വർഷം 2003 ആണെന്നും 21 വയസായി എന്നും വ്യക്തമാക്കി. എന്നാല്‍ ആധാര്‍ കാര്‍ഡില്‍ ഫോട്ടോ കശ്യപിന്റേത് തന്നെ ആയിരുന്നുവെങ്കിലും മറ്റൊരു പേരാണുണ്ടായിരുന്നത്. ഇയാളുടെ ജനന സര്‍ട്ടിഫിക്കറ്റോ സ്‌കൂള്‍ രേഖകളോ കണ്ടെത്താനുമായില്ല. ഇതോടെ ആശങ്കകളൊഴിവാക്കാന്‍ കോടതി ബോണ്‍ ഓസിഫിക്കേഷന്‍ പരിശോധന നടത്താന്‍ ഉത്തരവിടുകയായിരുന്നു.

അസ്ഥി സംയോജനത്തിന്റെ അളവ് വിശകലനം ചെയ്ത് ഒരു വ്യക്തിയുടെ പ്രായം കണക്കാക്കുന്ന മെഡിക്കല്‍ നടപടിക്രമമാണ് ഓസിഫിക്കേഷന്‍ ടെസ്റ്റ്. ടെസ്റ്റ് ഫലം വന്നതോടെ ധർമ്മരാജിന്റെ വാദം പൊളിയുകയും പൊളിയുകയും പിടിയിലായ മറ്റ് കുറ്റാരോപിതരോട് കൂടെ ഒക്ടോബർ 21വരെ മുംബൈ മജിസ്‌ട്രേറ്റ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.

ആക്രികച്ചവടത്തിന് പോകുന്നു എന്ന് പറഞ്ഞാണ് മകൻ രണ്ടു മാസം മുൻപ് വീട് വിട്ടതെന്ന് ഇയാളുടെ അമ്മ പറയുന്നു. ശനിയാഴ്ച രാത്രിയാണ് ബാബ സിദ്ദിഖി, എംഎൽഎയും മകനുമായ സീഷാൻ സിദ്ദിഖിയുടെ മുംബൈ ഓഫീസിന് സമീപം വെടിയേറ്റ് മരിച്ചത്. സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ധര്‍മരാജ്, ഗുര്‍മൈല്‍ ബാല്‍ജിത്ത് സിങ് എന്നിവരയൊണ് പോലീസ് അറസ്റ്റു ചെയ്തത്. ഇതില്‍ സിദ്ദിഖിക്ക് നേരെ വെടിയുതിര്‍ത്ത ശിവ കുമാര്‍ എന്നയാള്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട് എന്ന് പോലീസ് വ്യക്തമാക്കി.

എന്‍സിപി നേതാവിന്‍റെ വരവിനായി കാത്തുനില്‍ക്കുകയായിരുന്ന മൂന്നുപേർ അദ്ദേഹം കാറില്‍ കയറവേയാണ് നിറയൊഴിച്ചത്. അതിലൊരാളാണ് ധർമരാജ് കശ്യപ്. അക്രമി സംഘടത്തിലുണ്ടായിരുന്ന രണ്ടുപേരെയും ഗൂഢാലോചനയിൽ പങ്കുള്ള ഒരാളെയുമാണ് പോലീസ് പിടികൂടിയിട്ടുള്ളത്. ബാബ സിദ്ദിഖിയെ വധിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്ത് നടപ്പാക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പക്ഷം.

ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽ പെട്ടവരാണ് തങ്ങളെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞിരുന്നു. പിന്നാലെ ഗുണ്ടാസംഘത്തിലെ അംഗങ്ങളിൽ ഒരാളെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തി കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. സംഘം വളരെക്കാലമായി ലക്ഷ്യമിടുന്ന ബോളിവുഡ് താരം സൽമാൻ ഖാനുമായുള്ള ഇരയുടെ ബന്ധമാണ് കാരണമെന്നും കുറിപ്പിലുണ്ടായിരുന്നു.