'മുസ്ലീമല്ലെന്ന് വിളിച്ചുപറഞ്ഞിട്ടും ലൈംഗികമായി ആക്രമിക്കപ്പെട്ടു, അദ്വാനിയോട് പരാതിപ്പെട്ടപ്പോള്‍ മധുരം കഴിക്കാന്‍ പറഞ്ഞു';ബാബ്റി മസ്ജിദ് ധ്വംസനത്തിന് ദൃക്സാക്ഷിയായ മാധ്യമപ്രവര്‍ത്തക തുറന്നു പറച്ചില്‍

മതനിരപേക്ഷ ഇന്ത്യയുടെ താഴികക്കുടങ്ങള്‍ തകര്‍ത്ത ഡിസംബര്‍ ആറിന് 25 വര്‍ഷങ്ങള്‍ക്കിപ്പുറം ബാബ്റി മസ്ജിദ് ധ്വംസനത്തിന് ദൃക്സാക്ഷികളായ മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചു. കാല്‍ നുറ്റാണ്ടിനിപ്പുറവും ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്ന കര്‍സേവ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ ക്രൂരമായ ആക്രമണത്തിനാണ് ഇരയായത്.

വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ക്രൂരമായ ലൈംഗിക അതിക്രമങ്ങളാണ് ഉണ്ടായത്. ബാബ്റി മസ്ജിദില്‍ തിങ്ങിനിറഞ്ഞ കര്‍സേവകര്‍ക്കിടയില്‍പ്പെട്ടുപോയ ബിസിനസ് ഇന്ത്യ ലേഖിക രുചിരാ ഗുപ്തയ്ക്കുനേരെ കടുത്ത അതിക്രമങ്ങള്‍അരങ്ങേറി. ബാബ്റി മസ്ജിദ് തകര്‍ക്കാനെത്തിയവര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ക്കൊപ്പം അശ്ലീല മുദ്രാവാക്യങ്ങളും മുഴക്കിയിരുനെന്ന് രുചിരാ ഗുപ്ത ഓര്‍ക്കുന്നു. പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ബാബ്റി മസ്ജിദ് ധ്വംസനം റിപ്പോര്‍ട്ടു ചെയ്ത മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു.

“ബാബ്റി മസ്ജിദിനുള്ളില്‍ എന്തു നടക്കുന്നു എന്ന് മനസിലാക്കാനാണ് ഉള്ളിലേക്ക് കയറിയത്. കര്‍സേവകര്‍ തിങ്ങിനിറഞ്ഞ പള്ളിക്കുള്ളിലൂടെ നടക്കവെയാണ് ആള്‍ക്കൂട്ടം മുസ്ലിം എന്ന് ആക്രോശിച്ച് തന്റെ നേരെ തിരിഞ്ഞത്. നാലുഭാഗത്തുനിന്നു പാഞ്ഞെത്തിയവര്‍ മര്‍ദ്ദിച്ചു. മരണം മുന്നില്‍കണ്ട നിമിഷത്തില്‍ താന്‍ മുസ്ലിമല്ലെന്നും പേര് രുചിരാ ഗുപ്ത എന്നാണെന്നും വിളിച്ചുപറഞ്ഞു. ശാരീരികമായും ലൈംഗികമായും ആക്രമിക്കപ്പെട്ടു. എന്റെ ഷര്‍ട്ടിന്റെ ബട്ടണുകള്‍ പൊട്ടി, ഷര്‍ട്ട് കീറി. ചിലരുടെ സഹായത്തോടെയാണ് അക്രമികളുടെ കയ്യില്‍നിന്ന് രക്ഷപെട്ടത്.” രുചിരാ ഗുപ്ത പറഞ്ഞു.

അകലെയുള്ള പന്തലില്‍നിന്ന് സംഭവവികാസങ്ങള്‍ വീക്ഷിക്കുന്ന എല്‍ കെ അദ്വാനിയുടെ അടുത്തെത്തി മാധ്യമ പ്രവര്‍ത്തകര്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്നൊരു ഇതിഹാസ ദിനമാണെന്നും ചിലര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പ്രാധാന്യമില്ലെന്നുമായിരുന്നു അദ്വാനിയുടെ മറുപടി. ബൈനോക്കുഴലിലൂടെ നിരീക്ഷിക്കുന്നതിനിടെ അദ്ദേഹം മധുരം കഴിക്കാനും ആവശ്യപ്പെട്ടു.

ബൈനോക്കുഴലിലൂടെ എന്താണ് കാണുന്നതെന്ന തന്റെ ചോദ്യത്തിന് മസ്ജിദിനു ചുറ്റുവട്ടത്തുള്ള മുസ്ലിം ഭവനങ്ങള്‍ അഗ്നിക്കിരയാക്കിയതാണ് കാണുന്നതെന്ന ഞെട്ടിക്കുന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് കേന്ദ്ര സുരക്ഷാ സേനകളുടെ കൂടുതല്‍ ബറ്റാലിയനുകള്‍ അയോധ്യയിലേക്ക് തിരിച്ചിട്ടുണ്ടെന്നും അവര്‍ ഇവിടെ എത്താതെ പ്രതിരോധിക്കണമെന്നും അദ്വാനി ഉച്ചഭാഷിണിയിലൂടെ കര്‍സേവകരോട് ആജ്ഞാപിച്ചു. ഉമാഭാരതി, മുരളീമനോഹര്‍ ജോഷി തുടങ്ങിയവരും അവിടെ ഉണ്ടായിരുന്നു.

അയോധ്യയില്‍ അന്ന് എന്താണ് നടന്നതെന്ന് ഡല്‍ഹിയിലെത്തി ദൂരദര്‍ശനിലൂടെയും പിന്നീട് ബാബ്റി ട്രൈബ്യൂണലിനും പ്രസ്‌കൗണ്‍സിലിലും അവസാനം ലിബര്‍ഹാന്‍ കമീഷനിലും വ്യക്തമാക്കി. ഇതോടെ ഫോണിലൂടെയും നേരിട്ടും ഭീഷണികളുടെയും അശ്ലീല സന്ദേശങ്ങളൂടെയും പ്രവാഹമായിരുന്നു. അക്രമികള്‍ എന്റെ കാറ് തകര്‍ത്തു. എഡിറ്റര്‍മാര്‍ക്കും ഭീഷണികള്‍ എത്തി. ഒപ്പം വ്യക്തിപരമായി അധിക്ഷേപിക്കാനും ശ്രമങ്ങളുണ്ടായി.

ബാബ്റി ട്രിബ്യൂണലിലും ലിബര്‍ഹാന്‍ കമീഷനിലും ബിജെപി, ആര്‍എസ്എസ്, ബംജ്റംഗദള്‍, വിഎച്ച്പി അഭിഭാഷകരുടെ ചോദ്യങ്ങളും ഇത്തരത്തിലുള്ളതായിരുന്നു. “അതിക്രമത്തിനിടെ നിങ്ങളുടെ വസ്ത്രം കീറിയതായി നിങ്ങള്‍ പറഞ്ഞു, ആ അവസ്ഥയില്‍ നല്ല കുടുംബത്തില്‍പ്പിറന്ന സ്ത്രീയായ നിങ്ങള്‍ക്ക് അദ്വാനിയെപ്പോലൊരു പ്രമുഖ നേതാവിന്റെ മുന്നില്‍ എങ്ങനെ പോകാനായി” എന്നിങ്ങനെയായിരുന്നു ചോദ്യങ്ങളെന്ന് രുചിരാ ഗുപ്ത പറഞ്ഞു.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്