നിയന്ത്രണ രേഖയിലെ അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയിലെത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. 2020 മെയ് മാസത്തില്‍ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ അസ്വാരസ്യങ്ങളും ഏറ്റുമുട്ടലും ആരംഭിക്കുന്നതിന് മുന്നേയുള്ള നിയന്ത്രണ രേഖ തല്‍സ്ഥിതിയിലേക്ക് പെട്രോളിംഗ് മാറ്റാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉടമ്പടിയായി. 2020 ജൂണിലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളയായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ സംഘര്‍ഷ സാധ്യതയും അതിര്‍ത്തി സംഘര്‍ഷവും അവസാനിപ്പിക്കാനാണ് ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചത്.
ധാരണ പ്രകാരം യഥാര്‍ഥ നിയന്ത്രണ രേഖയില്‍നിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ച് പിരിമുറുക്കം അവസാനിപ്പിക്കും. പിന്നാലെ മേഖലയില്‍ ഇരു രാജ്യങ്ങളും പട്രോളിങ് നടത്താനും തീരുമാനമായതായി വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രിയും അറിയിച്ചു. ഹിമാലയത്തിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇന്ത്യയും ചൈനയും പട്രോളിംഗ് ക്രമീകരണത്തില്‍ ധാരണയിലെത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് അതിര്‍ത്തിയിലെ സൈനിക യുദ്ധസമാന സാഹചര്യത്തിനും പിരിമുറുക്കത്തിനും അയവ് വരുത്തുമെന്നും വിദേശകാര്യ മന്ത്രിയും സെക്രട്ടറിയും വ്യക്തമാക്കി.
2020 മേയ്ക്ക് മുമ്പ് എങ്ങനെയാണോ ഇന്ത്യന്‍, ചൈനീസ് സൈനികര്‍ പെട്രോളിംഗ് നടത്തിയിരുന്നത് അതേപോലെ പെട്രാളിംഗ് പുനരാരംഭിക്കാന്‍ കഴിയുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ റഷ്യ സന്ദര്‍ശിക്കാനിരിക്കെയാണ് ഈ വഴിത്തിരിവ്.
നാളെ റഷ്യയില്‍ നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇന്ത്യ ചൈന ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഉച്ചകോടിക്കിടെ നരേന്ദ്ര മോദി ഷി ജിന്‍പിങ് കൂടിക്കാഴ്ച നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതിന് നിലവില്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.