കേരളത്തിനെതിരായ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് ന്യായീകരണവുമായി കേന്ദ്ര നിയമ സഹമന്ത്രി എസ്.പി. സിങ് ബാഗേല്‍. കേരളത്തിലേത് ജനാധിപത്യ സര്‍ക്കാരല്ലെന്നാണ് ബാഗേലിന്റെ വിമര്‍ശനം. ഫാസിസ്റ്റുകളാണ് കേരളത്തിലും ബംഗാളിലും ഭരണത്തിലുള്ളതെന്നും ഇരു സംസ്ഥാനങ്ങളിലും നിരവധി ബി.ജെ.പി. പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയാണെന്നും എസ്.പി. സിങ് ബാഗേല്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ എസ്.പി. അധികാരത്തിലെത്തിയാല്‍ തിരഞ്ഞെടുപ്പിന് ശേഷം യു.പി. കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നാണ് യോഗി അഭിപ്രായപ്പെട്ടതെന്ന് ബാഗേല്‍ പറഞ്ഞു. സര്‍ക്കാരുകളല്ല ഫാസിസ്റ്റുകളാണ് ഈ സംസ്ഥാനങ്ങളിലുള്ളത്. മമതാ ബാനര്‍ജി ഏറ്റവും വലിയ ഫാസിസ്റ്റാണ്. അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് ദിനത്തിലാണ് കേരളത്തിന്റെ പേര് പരാമര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. ഒരു അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നാണ് യോഗി അഭിപ്രായപ്പെട്ടത്.