ലോക്സഭയിലെ പ്രസംഗത്തിലെ പരാമര്‍ശങ്ങളിലുറച്ച് രാഹുല്‍ ഗാന്ധി. പറഞ്ഞത് വാസ്തവം മാത്രമാണെന്നും സത്യത്തെ ഇല്ലാതാക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. മോദിയുടെ ലോകത്ത് സത്യം നീക്കം ചെയ്യാന്‍ കഴിയുമെന്നും എന്നാൽ യഥാർത്ഥ ലോകത്ത് സത്യത്തെ ഇല്ലാതാക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു.
രാഹുൽ ഗാന്ധി ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തെ പിന്തുണച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശം വിവാദമാക്കുന്നത് ബിജെപിയുടെ തന്ത്രമാണ്. അഗ്നിവീർ, കർഷകരുടെ പ്രശ്‌നങ്ങൾ, പഴയ പെൻഷൻ പദ്ധതി തുടങ്ങി രാഹുൽ ഉന്നയിച്ച വിഷയങ്ങൾ ഇപ്പോഴും സജീവമാണെന്നും അഖിലേഷ് പറഞ്ഞു. സർക്കാർ പുതിയതാണെങ്കിലും പ്രശ്‌നങ്ങൾ അവസാനിച്ചിട്ടില്ലെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
അതേസമയം രാഹുൽ ഗാന്ധിയുടെ ‘ഹിന്ദു’ പരാമർശത്തിൽ പ്രതിഷേധിച്ച് ഗുജറാത്ത് കോൺഗ്രസ് ഓഫീസ് ബജ്റംഗ് ദൾ പ്രവർത്തകർ ആക്രമിച്ചു. സംഭവത്തിന്റെ വിഡിയോ വിഎച്ച്പി പങ്കുവെക്കുകയും ചെയ്തു. ഓഫീസിലുണ്ടായിരുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളും ബജ്റംഗ്ദൾ പ്രവർത്തകർ നശിപ്പിച്ചു. രാഹുലിന്റെ പോസ്റ്ററുകൾ കറുത്ത മഷി ഉപയോഗിച്ച് വികൃതമാക്കിയിട്ടുണ്ട്. ‘ഹിന്ദുവിരോധി രാഹുൽ’ എന്ന ഹാഷ് ടാഗ് എക്‌സിൽ പ്രചരിക്കുകയാണ്.
ആക്രമണത്തിന് പിന്നിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് എന്നിവരാണെന്ന് ഗുജറാത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും ഗുജറാത്ത് നിയമസഭാ കോൺഗ്രസ് നേതാവുമായ അമിത് ചാവ്ദ ട്വീറ്റ് ചെയ്തു.