മെസ്സി, റൊണാള്‍ഡോ, നെയ്മര്‍? ലോക ഫുട്ബോളര്‍ ആരെന്നരിയാന്‍ മണിക്കൂറുകള്‍ മാത്രം

ലോകത്തെ മികച്ച ഫുട്ബോളര്‍ ആരെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം. ലോകത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഇന്ന് ഇന്ത്യന്‍ സമയം രാത്രി 12.15 ന് പ്രഖ്യാപിക്കും. ലയണല്‍ മെസിയും ക്രിസ്റ്റ്യനോ റൊണാള്‍ഡോയും തമ്മിലാണ് പ്രധാന മത്സരം.

ബാഴ്‌സലോണയുടെ അര്‍ജന്റനീനന്‍ സൂപ്പര്‍താരം ലിയോണല്‍ മെസിയെ മറികടന്ന് റൊണാള്‍ഡോ പുരസ്‌കാരം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്ലബ് തലത്തില്‍ കൂടുതല്‍ ഗോള്‍ നേടിയത് ലിയോണല്‍ മെസിയാണെങ്കിലും വമ്പന്‍മാരുടെ പോരാട്ടങ്ങളില്‍ കൂടുതല്‍ മികച്ച് നിന്നത് റയല്‍ മാഡ്രിഡ് താരമാണ്. മൈതാനത്തെ ഇഞ്ചോടിഞ്ച് പോരാട്ടം പുരസ്‌കാര നേട്ടത്തിലും കാഴ്ചവെക്കുന്നതാണ് മെസിയുടെയും റോണോയുടെയും പ്രത്യേകത. ഇനി ലോകം കാത്തിരിക്കുന്നത് ബാലന്‍ ഡി ഓര്‍ പ്രഖ്യാപനത്തിലേക്കാണ്.

കഴിഞ്ഞ വര്‍ഷത്തെ കണക്കെടുത്താല്‍ റൊണാള്‍ഡോക്ക് തന്നെയാണ് മുന്‍തൂക്കം. റയല്‍ മാഡ്രിഡിനായി മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് റോണോ എത്തുന്നത്. മുന്‍ സീസണില്‍ റയലിനായി ലാ ലീഗയും ചാംപ്യന്‍സ് ലീഗ് കിരീടവും നേടിക്കൊടുത്ത ഈ പോര്‍ച്ചുഗല്‍ താരം ലോകത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫയുടെ പുരസ്‌കാരവും ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. സ്പാനിഷ് ലീഗില്‍ 25 ഉം ചാംപ്യന്‍സ് ലീഗില്‍ 12 ഉം ഗോളുകളാണ് കഴിഞ്ഞ സീസണിലെ സന്പാദ്യം. ഇതുവരെ നാല് ബാലന്‍ഡി ഓര്‍ പുരസ്‌കാരം നേടിയ താരം ഇത് അഞ്ചാം കിരീടമാണ് ലക്ഷ്യമിടുന്നത്.

ബാഴ്‌സയുടെ തുറുപ്പു ചീട്ടായ മെസിയ്ക്കും വളരെയധികം സാധ്യത കല്‍പിക്കപ്പെടുന്നുണ്ട്. ബാഴ്‌സക്കായി കഴിഞ്ഞ വര്‍ഷം ലാലീഗയില്‍ 37 ഗോളുകള്‍ നേടിയ താരം 9 ഗോളവസരങ്ങളും സൃഷ്ടിച്ചു. എന്നാല്‍ മുന്‍ സീസണില്‍ ബാഴ്‌സക്ക് സുപ്രധാന കിരീടങ്ങള്‍ നേടിക്കൊടുക്കാന്‍ മെസിക്ക് ആയിട്ടില്ല എന്നത് പോരായ്മയാണ്. ഈ വര്‍ഷം അര്‍ജന്റീനക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത് തിരിച്ചുവരവിന്റെ പാതയിലാണ് അഞ്ച് തവണ ബാലന്‍ഡി ഓര്‍ പുരസ്‌കാരം നേടിയ ലയണ്‍ മെസി. ബ്രസീലിയന്‍ ഫുട്ബോളര്‍ നെയ്മര്‍ക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.