സമാജികര്‍ അഭിഭാഷകരായി തുടരുന്നത് തടയല്‍: ബാര്‍ കൗണ്‍സിലിന്റെ അന്തിമ യോഗം

നിയമസഭാംഗങ്ങള്‍ അഭിഭാഷകരായി  പ്രാക്ടീസ് ചെയ്യുന്നത് തടയുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിനുള്ള  ബാര്‍ കൗണ്‍സിലിന്റെ ജനറല്‍ ബോഡി നാളെ നടക്കും.

ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായ നല്‍കിയ പരാതിയിലാണ് പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാംഗങ്ങളും അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതി സ്വീകരിച്ച സബ്കമ്മിറ്റി അംഗങ്ങള്‍ ബിസിഐ ചെയര്‍മാന് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആര്‍ ജി ഷാ, ബി സി താക്കൂര്‍, ഡിപി ധാല്‍ എന്നിവരാണ് സബ്കമ്മിറ്റി അംഗങ്ങള്‍.

റിപ്പോര്‍ട്ട് ബിസിഐ ചെയര്‍മാന്‍ മനന്‍ മിശ്രയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും,എന്നാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും സബ്കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.

ഒരു വര്‍ഷം മുമ്പാണ് ബിജെപി നേതാവും പൊതുപ്രവര്‍ത്തകനുമായ അശ്വിനി ഉപാദ്ധ്യായ ബിസിഐ ചെയര്‍മാന് പരാതി നല്‍കുന്നത്. നിയമസഭാംഗങ്ങളെ അഭിഭാഷകരായി പ്രവര്‍ത്തിക്കാന്‍ ഇനിയും എന്തിന് അനുവദിക്കണമെന്ന് ചോദിച്ചായിരുന്നു പരാതി.

പരാതിക്കൊപ്പം നിയമസഭാംഗങ്ങളെ വിലക്കേണ്ടതിന്റെ ഒട്ടേറെ കാരണവും വിശദമാക്കുന്നുണ്ട്. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും അതത് സര്‍ക്കാരുകള്‍ ശമ്പളം നല്‍കുന്നുണ്ട. എന്നാല്‍ ബിസിഐയുടെ നിയമപ്രകാരം ,മറ്റ് ജോലികളുള്ളവരെ അഭിഭാഷകരായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാന്‍ പാടില്ലെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.