'വെടിയുണ്ട തുളച്ചുകയറിയ മുറിവിന് ബാന്‍ഡ് എയ്ഡ് നല്‍കും പോലെ'; ബിജെപി കൊട്ടിഘോഷിക്കുന്ന കേന്ദ്ര ബജറ്റിന് രാഹുല്‍ ഗാന്ധിയുടെ ഉപമ

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി എങ്ങനെ നേരിടണമെന്ന് അറിയാത്ത കേന്ദ്രസര്‍ക്കാരിന്റെ കണ്‍കെട്ട് വിദ്യയാണ് 2025 കേന്ദ്രബജറ്റെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എങ്ങനെ സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യണമെന്ന് യാതൊരുവിധ ആശയവും സര്‍ക്കാരിന്റെ പക്കലില്ലെന്നും തികച്ചും ആശയപരമായി പാപ്പരാണ് മോദി സര്‍ക്കാരെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ബുള്ളറ്റ് മുറിവുകള്‍ക്ക് ഒരു ബാന്‍ഡ് എയ്ഡ് എന്നത് പോലെയാണ് നിര്‍മല സീതാരാമന്റെ ബജറ്റെന്നും രാഹുല്‍ ഗാന്ധി ഉപമിച്ചു.

ബുള്ളറ്റ് മുറിവുകള്‍ക്ക് ഒരു ബാന്‍ഡ് എയ്ഡ്. ആഗോള അനിശ്ചിതത്വത്തിനിടയില്‍, നമ്മുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു മാതൃകാപരമായ മാറ്റം ആവശ്യമാണ്. എന്നാല്‍ ഈ സര്‍ക്കാരിന് ആശയങ്ങളുടെ പാപ്പരത്തമാണ്.

ബിജെപി നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടും ബജറ്റിനെ പുകഴ്ത്തി ഇന്നലെ മുതല്‍ രംഗത്തുള്ളപ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ വെടിയുണ്ട മുറിവിന് ബാന്‍ഡ് എയ്ഡ് എന്ന പരിഹാസം. ഇന്ത്യയുടെ വികസനയാത്രയ്ക്ക് ശക്തി പകരുന്നതാണ് 2025-26 സാമ്പത്തികവര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ട്രഷറി ബെഞ്ചിലിരുന്ന് മോദ്- മോദി ആര്‍പ്പുവിളിയായിരുന്നും ഭരണപക്ഷം.

യഥാര്‍ഥ വേതനത്തിലെ മുരടിപ്പ്, സ്വകാര്യനിക്ഷേപത്തിലെ മന്ദഗതി, സങ്കീര്‍ണമായ ജിഎസ്ടി സമ്പ്രദായം തുടങ്ങിയവയാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ അനുഭവിക്കുന്ന പ്രധാന രോഗങ്ങളെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. അവയ്ക്ക് ബജറ്റില്‍ പരിഹാരമൊന്നും കാണുന്നില്ലെന്ന വലിയ വിമര്‍ശനവും പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. ഒപ്പം കേരളമടക്കം പല സംസ്ഥാനങ്ങളേയും തഴഞ്ഞതിലും വലിയ പ്രതിഷേധങ്ങളും പലയിടങ്ങളിലും ഉയരുന്നുണ്ട്.

എന്‍ഡിഎ സഖ്യകക്ഷിയായ നിതീഷ് കുമാര്‍ ഭരിക്കുന്ന ബിഹാറിന് നരേന്ദ്ര മോദി സര്‍ക്കാര്‍ ‘ബോണന്‍സ’ വാഗ്ദാനം ചെയ്യുന്നുവെന്നും അത് ഈ വര്‍ഷം തിരഞ്ഞെടുപ്പ് സംസ്ഥാനത്തുള്ളതിനാലാണെന്നും ബജറ്റ് ദിനത്തില്‍ തന്നെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. അതേ സഖ്യത്തിന്റെ മറ്റൊരു നെടുംതൂണായ ആന്ധ്രാപ്രദേശിനെ ‘ക്രൂരമായി’ അവഗണിച്ചത് അവിടെ തിരഞ്ഞെടുപ്പ് സാഹചര്യം ഇല്ലാത്തതിനാലാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജനങ്ങളെ വിഡ്ഡിയാക്കാനുള്ള ശ്രമമാണ് ഈ ബജറ്റെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞത്.

Read more