അതിര്‍ത്തിയില്‍ ബംഗ്ലാദേശ് പൗരന്മാര്‍ കാത്തുനില്‍ക്കുന്നു; ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദ്ദേശിച്ച് ഇന്ത്യ

ആഭ്യന്തര കലാപത്തിന് പിന്നാലെ കലുഷിതമായ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ ആയിരത്തിലധികം പേര്‍ കാത്തുനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു വിഭാഗത്തിലുള്ളവരാണ് രാജ്യത്തേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുന്നത്. ഷെയ്ഖ് ഹസീനയുടെ രാജിയ്ക്ക് പിന്നാലെയാണ് ന്യൂനപക്ഷങ്ങള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്.

ഇന്ത്യയിലേക്ക് കടക്കാന്‍ അതിര്‍ത്തിയിലെത്തുന്ന ബംഗ്ലാദേശ് പൗരന്മാരെ ബിഎസ്എഫ് സുരക്ഷ ഉദ്യോഗസ്ഥര്‍ തിരിച്ചയക്കാന്‍ ശ്രമിക്കുന്നുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വലിയ കൂട്ടങ്ങളായാണ് ബംഗ്ലാദേശ് പൗരന്മാര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്കെത്തുന്നത്.

Read more

പശ്ചിമ ബംഗാളിലെ കൂച്ബിഹാറിലെ അതിര്‍ത്തി വഴിയാണ് ആളുകള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത്. ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കി. ബിഎസ്എഫ് ഈസ്റ്റേണ്‍ കമാന്‍ഡ് എഡിജിയാണ് സമിതിയെ നയിക്കുക.