ചിക്കൻ ബിരിയാണിയിൽ ചിക്കനില്ലെങ്കിൽ എന്തു ചെയ്യും? ചോറ് മാത്രം കഴിക്കുമെന്ന് മറുപടി പറയാൻ വരട്ടെ, വേറെയും വഴികളുണ്ട്.പ്രത്യേകിച്ചും പണം കൊടുത്ത് വാങ്ങിയ ബിരിയാണിയാണെങ്കിൽ കേസ് വരെ കൊടുക്കാം. അത്തരം ഒരു സംഭവമാണ് ബംഗളൂരുവിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ബെംഗളൂരു സ്വദേശി കൃഷ്ണപ്പയും ഭാര്യയുമാണ് ഹോട്ടലിനെതിരെ പരാതി നൽകിയത്. ഏപ്രിലിലാണ് സംഭവം.
പാഴ്സലായി വാങ്ങിക്കൊണ്ടുവന്ന ചിക്കൻ ബിരിയാണിയിൽ ചിക്കനില്ലെന്നും വെറും റൈസ് മാത്രമേയുള്ളൂവെന്നും ആരോപിച്ചായിരുന്നു പരാതി. ഹോട്ടലിൽ പരാതിപ്പെട്ടിക്ക് കാര്യമില്ലെന്ന് കണ്ട് ദമ്പതികൾ നിയമനടപടി സ്വീകരിക്കുകയായിരുന്നു. വീട്ടിൽ ഗ്യാസ് തീർന്ന് പാചകം നടക്കാതായ സാഹചര്യത്തിലാണ് ദമ്പതികൾ പുറത്തു നിന്നും ബിരിയാണി വാങ്ങിയത്.
ഐടിഐ ലേഔട്ടിലെ പ്രശാന്ത് ഹോട്ടലിൽ നിന്ന് 150 രൂപ നൽകി ഇരുവരും ബിരിയാണ് പാഴ്സൽ വാങ്ങി.എന്നാൽ വീട്ടിലെത്തി തുറന്ന് നോക്കിയപ്പോൾ വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ഒരു തരി ചിക്കനില്ല. അപ്പോൾ തന്നെ ഹോട്ടലിൽ വിളിച്ച് വിവിരം പറഞ്ഞു. അര മണിക്കൂറിൽ പുതിയ പാഴ്സൽ എത്തിക്കുമെന്ന് മറുപടിയും കിട്ടി. എന്നാൽ രണ്ടു മണിക്കൂർ കാത്തിരുന്നിട്ടും ബിരിയാണി വന്നില്ല.
ഏപ്രിൽ 28ന് കൃഷ്ണപ്പ ഹോട്ടൽ അധികൃതർക്ക് വക്കീൽ നോട്ടീയസച്ചെങ്കിലും മറുപടിയൊന്നും നൽകിയില്ല. തുടർന്നാണ് 30000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. കേസ് സ്വയം വാദിക്കുകയായിരുന്നു കൃഷ്മപ്പ. ബിരിയാണിയുടെ ഫോട്ടോ കയ്യിലുണ്ടെന്നും ഇയാൾ കോടതിയെ അറിയിച്ചു.
ഈ സംഭവം ഭാര്യയെ മാനസികമായി വേദനിപ്പിച്ചെന്നും അന്നേ ദിവസം മറ്റൊന്നും പാചകം ചെയ്യാനായില്ലെന്നും കൃഷ്ണപ്പ പറഞ്ഞു. പരാതിക്കാരന്റെ ആവലാതി സത്യസന്ധമാണെന്നും കൃത്യമായ സേവനം നൽകുന്നതിൽ ഹോട്ടൽ പരാജയപ്പെട്ടെന്നും കണ്ടെത്തിയ കോടതി നഷ്ടപരിഹാരമായി 1000 രൂപയും ബിരിയാണിയുടെ വിലയായ 150 രൂപയും ഹോട്ടൽ തിരികെ നൽകണമെന്നും ഉത്തരവിടുകയായിരുന്നു.