ജനപ്രതിനിധികള്‍ അഭിഭാഷകരാകുന്നത് വിലക്കണം, ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചത് 500 രാഷ്ട്രീയക്കാര്‍ക്ക്

ജനപ്രതിനിധികള്‍ അഭിഭാഷകരായി പ്രവര്‍ത്തിക്കുന്നതു വിലക്കണമെന്ന നിര്‍ദേശത്തില്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എംഎല്‍സിമാര്‍ക്കും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നോട്ടീസ് അയച്ചു. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാധ്യായ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചത്.

ജനപ്രതിനിധികള്‍ അഭിഭാഷകര്‍ എന്ന രീതിയില്‍ പ്രതിഫലം വാങ്ങുന്നത് ഇരട്ടശമ്പളം വാങ്ങുന്നതിന് തുല്യവും അഭിഭാഷക നിയമങ്ങള്‍ക്ക് എതിരുമാണ്. സര്‍ക്കാരില്‍നിന്നു ശമ്പളം വാങ്ങുന്നതിനൊപ്പം അഭിഭാഷകരായി പ്രതിഫലം വാങ്ങുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങള്‍ക്ക് എതിരാണെന്നാണ് ഹര്‍ജിയില്‍ പറയുന്നു.

500ല്‍ അധികം പേര്‍ക്കാണ് ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വിഷയത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാണമെന്നും നോട്ടീസില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെടുന്നു. മുതിര്‍ന്ന അഭിഭാഷകരായ രമേശ് ചന്ദ്ര ജി. ഷാ, ഭോജ്ചന്ദര്‍ ഠാക്കൂര്‍, ജി.പി. ധല്‍ എന്നിവരുടെ സമിതിയാണു വിഷയം പരിശോധിക്കുന്നത്.