കര്‍ഷകരെ തടയാന്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്യണം; പ്രത്യേക ഉത്തരവിന് കാത്തുനില്‍ക്കേണ്ടെന്ന് സുപ്രീംകോടതി

കര്‍ഷകരെ തടയാന്‍ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭു ബോര്‍ഡറില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ ഘട്ടംഘട്ടമായി നീക്കണമെന്ന് സുപ്രീംകോടതി. ഒരാഴ്ചയ്ക്കുള്ളില്‍ പഞ്ചാബ്-ഹരിയാന പൊലീസും കേന്ദ്രസേന ഉദ്യോഗസ്ഥരും ചേര്‍ന്ന് ബാരിക്കേഡുകള്‍ നീക്കം ചെയ്യുന്നതിനായി പദ്ധതി തയ്യാറാക്കണമെന്നും കോടതി അറിയിച്ചു.

ഡല്‍ഹി ചലോ പ്രക്ഷോഭത്തിനായി ട്രാക്ടറുകളില്‍ പുറപ്പെട്ട കര്‍ഷകരെ തടയാനായിരുന്നു ശംഭു അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. ബാരിക്കേഡുകള്‍ ഘട്ടങ്ങളായി നീക്കം ചെയ്യണമെന്നും അതിനായി കോടതിയുടെ പ്രത്യേക ഉത്തരവിന് കാത്തുനില്‍ക്കേണ്ടെന്നും ജസ്റ്റിസുമാരായ സൂര്യകാന്തും, ഉജ്ജല്‍ ഭുയാനും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

ശംഭു ബോര്‍ഡര്‍ തുറന്നുനല്‍കാനുള്ള പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിനെതിരെ ഹരിയാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കര്‍ഷക പ്രക്ഷോഭത്തിനിടെ ഫെബ്രുവരി 21ന് ശുഭ്കരണ്‍ സിംഗ് എന്ന യുവകര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു. ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന് ഹരിയാന ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല.