കർണാടക തിരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട കനത്ത പരാജയം അംഗീകരിച്ച് മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. തോൽവിയെ കുറിച്ച് വിശദമായ റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്നാണ് ബൊമ്മെ പറഞ്ഞത്. തോൽവിക്ക് പല കാരണങ്ങളുണ്ട്. ഏതെങ്കിലും ഒരു സമുദായം പ്രത്യേകമായി മാറി നിന്നതല്ല. പല സമുദായങ്ങളിൽ നിന്നും വോട്ട് ചർച്ചയുണ്ടായതായി ബൊമ്മെ വിശദീകരിച്ചു.
തോൽവിയുടെ ഉത്തരവാദിത്വം നേരത്തെ തന്നെ ബൊമ്മെ ഏറ്റെടുത്തിരുന്നു. തിരഞ്ഞെടുപ്പ് ഫലം വളരെ ഗൗരവത്തോടെ കാണുമെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയെ പുനഃസംഘടിപ്പിക്കുമെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ശക്തമായി തിരിച്ച് വരുമെന്നും ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ചിരുന്നു.
കർണാടക തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സകല പ്രതീക്ഷകളേയും തകർത്താണ് കോൺഗ്രസ് ജയിച്ച് കയറിയത്. ദക്ഷിണേന്ത്യയിൽ ബിജെപിക്ക് നിയന്ത്രണമുണ്ടായിരുന്ന ഏക സംസ്ഥാനമാണ് ഇതോടെ കൈവിട്ടുപോയത്.നരേന്ദ്ര മോദിയും അമിത് ഷായും ഉൾപ്പെടെ ദേശീയ നേതാക്കൾ മുഴുവൻ എത്തി നാടിളക്കി പ്രചാരണം നടത്തിയിട്ടും വെറും 65 സീറ്റിലേക്ക് ബിജെപി ചുരുങ്ങുകയായിരുന്നു.