പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയാന്‍ ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ വന്‍ സന്നാഹമൊരുക്കി പൊലീസ്. നാല് വിദ്യാര്‍ത്ഥി നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. ഗേറ്റുകള്‍ അടച്ച പൊലീസ് വിദ്യാര്‍ഥികളെ അകത്തേക്കും പുറത്തേക്കും വിടുന്നില്ല.
വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയതിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. സര്‍വകലാശാലയിലെ എല്ലാ ഗേറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥര്‍ അടച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും തമ്മിലെ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങി. പത്തിലധികം പേരെ കസ്റ്റഡിയിലെടുത്തു.
ആറുമണിക്കാണ് എസ്എഫ്‌ഐയും എന്‍എസ്യുവും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിട്ടുള്ളത്. വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇറങ്ങിയെങ്കിലും ഡോക്യുമെന്ററിയെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ മൗനം തുടരുകയാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടരയ്ക്കാണ് ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പുറത്തിറക്കിയത്.