ബെല്ലി ഡാന്‍സിന് റഷ്യന്‍ സുന്ദരികള്‍; മദ്യമെത്തിക്കാന്‍ ആംബുലന്‍സ്; വിവാദമായി ഡോക്ടര്‍മാരുടെ ആഘോഷം

ഉത്തര്‍ പ്രദേശ് മീററ്റിലെ ലാലാ ലജ്പത് റായ് മെഡിക്കല്‍ കോളെജ് അലൂംനി ചടങ്ങ് വിവാദത്തില്‍. ഡോക്ടര്‍മാര്‍ പങ്കെടുത്ത ആഘോഷത്തിന് മദ്യമെത്തിക്കാന്‍ ആംബുലന്‍സ് ഉപയോഗിച്ചതും റഷ്യയില്‍ നിന്നുള്ള ബെല്ലി ഡാന്‍സര്‍മാരേയും എത്തിച്ചും നടത്തിയ ആഘോഷം വിവാദമായതോടെ ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.

1992ല്‍ ഈ മെഡിക്കല്‍ കോളേജില്‍ പഠിച്ചിറങ്ങിയ ഡോക്ടര്‍മാരാണ് കോളേജില്‍ ഒരിക്കല്‍ കൂടി ഒരുമിച്ചുകൂടാനെത്തിയത്. ഡോക്ടര്‍ ഡിഗ്രി എടുത്തതിന്റെ സില്‍വര്‍ ജൂബിലി ആഘോഷം കൊഴുപ്പുകൂട്ടാനാണ് റഷ്യയില്‍ നിന്നുള്ള സുന്ദരികളെ ബെല്ലി ഡാന്‍സിനായി കൊണ്ടുവന്നതെന്നാണ് ഉത്തര്‍ പ്രദേശ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ക്രിസ്മസ് തൊപ്പിയണിഞ്ഞ ബെല്ലി ഡാന്‍സര്‍മാര്‍ ചടങ്ങിനെത്തിയവര്‍ക്ക് മദ്യം വിളമ്പുന്നതും പാട്ടിന് നൃത്തം ചെയ്യുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത്. പരിപാടിക്കായി മദ്യമെത്തിക്കാന്‍ ആശുപത്രിയുടെ ആംബുലന്‍സ് ഉപയോഗിച്ചതും ഏറെ വിവാദങ്ങള്‍ക്കു വഴിവെച്ചിട്ടുണ്ട്.

https://www.facebook.com/Rahul.Kanwal/videos/759727577569501/

https://www.facebook.com/nnisnews/videos/1791286824216088/?q=%20belly%20dancers%20performing%20.