പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി 58,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഭബാനിപൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു. ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക തിബ്രേവാൾ തോൽവി സമ്മതിക്കുകയും അതേസമയം മമത നേരത്തെ പറഞ്ഞിരുന്നത് പോലെ ഒരു ലക്ഷം വോട്ടിന്റെ മാർജിൻ ലഭിച്ചിട്ടില്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മമത ബാനർജി മുഖ്യമന്ത്രിസ്ഥാനം നിലനിർത്താനാണ് ഭബാനിപൂരിൽ നിന്ന് മത്സരിച്ചത്. നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയോടായിരുന്നു മമത ബാനർജി തോറ്റത്.
ടിഎംസി, ബിജെപി ക്യാമ്പുകൾ തമ്മിലുള്ള സംഘർഷം നിലനിൽക്കെയാണ് ഭബാനിപൂരിൽ വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. ഇവിടെ 57% വോട്ട് രേഖപ്പെടുത്തി. ഭബാനിപൂർ ഉപതിരഞ്ഞെടുപ്പിൽ മമത ബാനർജി ബിജെപിയുടെ പ്രിയങ്ക തിബ്രേവാളിനും സിപിഐഎമ്മിന്റെ ശ്രീജിബ് ബിശ്വാസിനും എതിരായാണ് മത്സരിച്ചത്. അതേസമയം, മുർഷിദാബാദിലെ സംസർഗഞ്ച്, ജംഗിപ്പൂർ സീറ്റുകളിലും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. 77 ശതമാനത്തിന് മുകളിലാണ് പോളിംഗ് രേഖപ്പെടുത്തിയത്.