കൊല്‍ക്കത്ത രാജ്ഭവനിലെ ജീവനക്കാര്‍ക്ക് നിര്‍ദേശവുമായി ഗവര്‍ണര്‍ സി.വി.
ആനന്ദബോസ്. തനിക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണത്തോട് സഹകരിക്കേണ്ടെന്നാണ് ഗവര്‍ണര്‍ ജീവനക്കാര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഗവര്‍ണ്ണര്‍ക്കെതിരെ ക്രിമിനല്‍ നടപടി പാടില്ലെന്നാണ് ചട്ടമെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
സി.വി. ആനന്ദബോസിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ രാജ്ഭവന്‍ ജീവനക്കാര്‍ക്ക് ബംഗാള്‍ പോലീസ് ഇന്നലെ വീണ്ടും നോട്ടീസ് അയച്ചിരുന്നു. ഇന്നു ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മൂന്ന് ജീവനക്കാര്‍ക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്.
തനിക്കെതിരേ രാജ്ഭവന്‍ ജീവനക്കാരി നല്‍കിയ പരാതി അടിസ്ഥാനരഹിതമാമെന്നാണ് ഗവര്‍ണറുടെ നിലപാട്. ഗുണ്ടാ രാജ് തടഞ്ഞതിലെ പ്രതികാരത്താലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിരട്ടല്‍ വിലപോകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
ആരോപണം അടിസ്ഥാനരഹിതമെന്നും സത്യം വിജയിക്കും. തന്നെ അപകീര്‍ത്തിപ്പെടുത്തി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ദൈവം രക്ഷിക്കട്ടെ എന്നും ആനന്ദബോസ് പറഞ്ഞു.
യുവതി ആരോപണം ഉയര്‍ത്തിയതിന് പിന്നാലെ രാജ്ഭവനില്‍ പോലീസ് കയറുന്നത് ഗവര്‍ണര്‍ വിലക്കി. തനിക്കെതിരേ ആരോപണം ഉന്നയിച്ച മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ രാജ്ഭവനില്‍ കയറുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബംഗാള്‍ ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ ഉള്‍പ്പെടെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ് ആനന്ദബോസിനെതിരെ ആരോപണമുന്നയിച്ചത്. പരാതിക്കാരിയായ സ്ത്രീ പോലീസില്‍ പരാതി നല്കിയിട്ടുണ്ടെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
ജോലിയില്‍ വീഴ്ച വരുത്തിയതില്‍ ഗവര്‍ണര്‍ താക്കീത് നല്‍കിയതില്‍ കരാര്‍ ജീവനക്കാരി പ്രതികാരം തീര്‍ക്കുന്നു എന്നാണ് വിഷയത്തില്‍ രാജ്ഭവന്‍ നല്‍കുന്നു വിശദീകരണം.