പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആശുപത്രിയില്‍; വൈര്യം മറന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ടെത്തി; വിശദപരിശോധനകള്‍ക്ക് ശേഷം പ്രതികരണമെന്ന് സൈനിക ആശുപത്രി

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
കൊല്‍ക്കത്തയിലെ സൈനിക ആശുപത്രിയിലാണ് ഗവര്‍ണര്‍ ചികിത്സ തേടിയിരിക്കുന്നത്.

പരിശോധനകള്‍ക്കു ശേഷം തുടര്‍ ചികിത്സ തീരുമാനിക്കുമെന്ന് ഈസ്റ്റേണ്‍ കമാന്‍ഡ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വൈര്യം മറന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഗവര്‍ണറെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

വഖഫ് നിയമഭേദഗതി ബില്ലിനെതിരെ പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും സന്ദര്‍ശന വേളയില്‍ സിവി ആനന്ദബോസ് പ്രഖ്യാപിച്ചു. ശനിയാഴ്ചയായിരുന്നു ഗവര്‍ണറുടെ സന്ദര്‍ശനം.

തനിക്ക് ലഭിച്ച പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജില്ല സന്ദര്‍ശിക്കാനെത്തിയതെന്ന് ബംഗാള്‍ ഗവര്‍ണര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ അക്രമങ്ങള്‍ പണ്ട് പതിവായിരുന്നു. എന്നാല്‍, ഇന്ന് സ്ഥിതി മാറി. അതിക്രമസംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. ജനങ്ങള്‍ക്ക് നിലവിലെ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ആനന്ദബോസ് വ്യക്തമാക്കി.

സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട അച്ഛനും മകനുമായ ഹര്‍ഗോബിന്ദ് ദാസ്, ചന്ദന്‍ദാസ് എന്നിവരുടെ കുടുംബത്തെയാണ് ഗവര്‍ണര്‍ സന്ദര്‍ശിച്ചത്. പ്രദേശത്ത് ബിഎസ്എഫിനെ വിന്യസിക്കണമെന്നതടക്കം ആവശ്യങ്ങള്‍ അവര്‍ ഉന്നയിച്ചിട്ടുണ്ട്. തീര്‍ച്ചയായും അധികാരികളുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തും. വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആനന്ദബോസ് വ്യക്തമാക്കി. തുടര്‍ന്ന് തിരിച്ച് രാജ്ഭവനില്‍ എത്തിയ ശേഷമാണ് അദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.