പശ്ചിമ ബംഗാളില്‍ ട്രെയിനപകടത്തിൽ മരണസംഖ്യ ഒമ്പതായി. 37 പേര്‍ക്ക് പരിക്കേറ്റു. ആറു പേരുടെ നില ഗുരുതരമാണ്. ബിക്കാനീര്‍-ഗുവഹാട്ടി എക്‌സ്പ്രസാണ് പാളംതെറ്റിയത്. റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥലം സന്ദർശിച്ചു.
പട്‌നയില്‍നിന്ന് ഗുവഹാട്ടിയിലേക്ക് പോകുകയായിരുന്നു ട്രെയിൻ. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടം. റെയില്‍വേ പോലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
ട്രെയിനിന്റെ 12 കോച്ചുകളാണു പാളം തെറ്റിയത്. ഇവയിൽ അഞ്ചെണ്ണം മറിയുകയും ചെയ്തു.ഒന്ന് മറ്റൊന്നിന്റെ മേലേക്ക് ഇടിച്ചു കയറി. ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് ട്രെയിനിന്റെ ജനാലകൾ പൊളിച്ചു മാറ്റിയാണു യാത്രക്കാരെ രക്ഷപ്പെടുത്തിയത്. കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തി.
പരിക്കേറ്റവരെ ജൽപായ്ഗുഡി ജില്ലാ ആശുപത്രിയിലും മൊയ്നാഗുരി ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ 10 പേരെ സിലിഗുരിയിലെ നോർത്ത് ബംഗാൾ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷവും നിസ്സാര പരിക്കേറ്റവർക്ക് 25000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെത്തുടർന്ന് ഈ റൂട്ടിലെ 9 ട്രെയിനുകൾ വഴിതിരിച്ചു വിട്ടു.