അപർണയല്ല; കർഹലിൽ അഖിലേഷിന് എതിരെ കേന്ദ്രമന്ത്രി ഭാഗൽ

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ കർഹലിൽ ബി.ജെ.പി സ്ഥാനാർഥിയായി കേന്ദ്രമന്ത്രി സത്യപാൽ സിങ് ഭാഗൽ മത്സരിക്കും. അഞ്ച് തവണ എം.പിയായിട്ടുള്ള ഭാഗൽ യു.പി പൊലീസിലെ മുൻ ഉദ്യോഗസ്ഥനാണ്.

സമാജ്‌വാദി പാർട്ടി സ്ഥാപകനായ മുലായം സിങ് യാദവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ആളാണ് ഭാഗൽ. അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന അഖിലേഷിന്റെ സഹോദരഭാര്യ അപർണ യാദവ് കർഹലിൽ മത്സരിക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. അപ്രതീക്ഷിത നീക്കങ്ങളാണ് യുദ്ധത്തിൽ പ്രധാന പങ്കുവഹിക്കുന്നത് എന്നായിരുന്നു നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം ഭാഗലിന്റെ പ്രതികരണം

പ്രാദേശിക പാർട്ടികളുടെ ഉരുക്കുകോട്ടയായ കർഹലിൽ ഭാഗലിന് എന്തെങ്കിലും അത്ഭുതം സൃഷ്ടിക്കാനാവുമോ എന്നത് കാത്തിരുന്ന് കാണണം. ആകെ നടന്ന 17 തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി, കോൺഗ്രസ് സ്ഥാനാർഥികൾക്ക് ഒരോ തവണ മാത്രമാണ് ഇവിടെ ജയിക്കാനായത്.

Read more

മധ്യപ്രദേശ് പൊലീസിൽ ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ വഴി പിന്തുടർന്നാണ് സത്യപാൽ സിങ്ങും പൊലീസിൽ ചേർന്നത്. സബ് ഇൻസ്‌പെക്ടറായിരുന്ന അദ്ദേഹം 1989ൽ മുഖ്യമന്ത്രിയായിരുന്ന നാരായൺ ദത്തിന്റെ സുരക്ഷാ ചുമതലയുള്ള ആളായിരുന്നു. തുടർന്ന് മുലായം സിങ് മുഖ്യമന്ത്രിയായതോടെ അദ്ദേഹത്തിന്റെയും സുരക്ഷാ ഉദ്യോഗസ്ഥനായി.