'ജനങ്ങളേ നിങ്ങള്‍ എന്റെ സ്വന്തം നമ്പറില്‍ വിളിക്കൂ'; അഴിമതി വിരുദ്ധ ഹെല്‍പ്പ്ലൈന്‍ പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍

പഞ്ചാബില്‍ അഴിമതി വിരുദ്ധ ഹെല്‍പ്പ്ലൈന്‍ പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി നേതാവും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. താന്‍ തന്നെയാണ് അഴിമതി വിരുദ്ധ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ കൈകാര്യം ചെയ്യുന്നതെന്നും സ്വാതന്ത്ര സമരസേനാനി ഭഗത് സിങിന്റെ ജന്മദിനമായ മാര്‍ച്ച് 23 ന് നമ്പര്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജനങ്ങളേ ആരെങ്കിലും കൈക്കൂലി ചോദിച്ചാല്‍ എനിക്ക് ഓഡിയോ, വീഡിയോ എന്നിവ വഴി പരാതി നല്‍കാം’ മന്‍ ട്വീറ്ററില്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരെ താന്‍ ഇതുവഴി ഭീഷണിപ്പെടുത്തുകയല്ലെന്നും 99 ശതമാനം ആളുകളും ശുദ്ധരാണ്, എന്നാല്‍ ഒരു ശതമാനം പേര്‍ അഴിമതിക്കാരാണ്. അവരാണ് സംവിധാനത്തെ ദുഷിപ്പിക്കുന്നതെന്നും മന്‍ ചൂണ്ടിക്കാട്ടി. ആംആദ്മി പാര്‍ട്ടിക്ക് മാത്രമാണ് സംവിധാനത്തെ അഴിമതിമുക്തമാക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം അവകാശപ്പെട്ടു.

Read more

പഞ്ചാബിന്റെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായാണ് ഭഗവന്ത് മാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഭഗത് സിങ്ങിന്റെ ജന്‍മദേശമായ ഖട്ഖര്‍ കലനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവള്‍ ഉള്‍പ്പെടെ ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.