സത്യപ്രതിജ്ഞ രാജ്ഭവനില്‍ വെച്ചല്ല, ഭഗത് സിംഗിന്റെ ഗ്രാമത്തില്‍; വ്യത്യസ്തനായി പഞ്ചാബികളുടെ 'ജുഗ്നു'

പഞ്ചാബില്‍ വിജയിച്ചതിന് പിന്നാലെ വിപ്ലവകരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗ്വന്ത് സിങ് മാന്‍. ഇത്തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് പതിവുപോലെ രാജ്ഭവനില്‍ വച്ചായിരിക്കില്ലെന്നാണ് സുപ്രധാന പ്രഖ്യാപനം. പകരം സ്വാതന്ത്ര്യസമര സേനാനിയായ ഭഗത് സിങ്ങിന്റെ പൂര്‍വിക ഗ്രാമമായ ഖട്കര്‍ കലാനില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞയെന്ന് ഭഗ്വന്ത് സിങ് മാന്‍ വ്യക്തമാക്കി.

എഎപി മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ സന്‍ഗ്രൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണ് അടുത്ത അഞ്ചു വര്‍ഷത്തെ ഭരണശൈലിയിലേക്കുള്ള സൂചികയായി അദ്ദേഹം ഒരുപിടി പ്രഖ്യാപനങ്ങള്‍ നടത്തിയത്. പഞ്ചാബിലെ ഒറ്റ സര്‍ക്കാര്‍ ഓഫിസില്‍പ്പോലും മുഖ്യമന്ത്രിയുടെ ചിത്രം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പകരം ഭഗത് സിങ്ങിന്റെയും ഡോ. ഭീം റാവു അംബേദ്കറിന്റെയും ചിത്രങ്ങളാകും സര്‍ക്കാര്‍ ഓഫിസുകളിലെ ചുവരുകളില്‍ ഉണ്ടാകുക.

എപ്പോഴും തമാശകള്‍ പറയുന്ന ഭഗവന്തിനെ പഞ്ചാബികള്‍ സ്‌നേഹത്തോടെ ഭഗവന്ത് മാന്നിനെ ‘ജുഗ്‌നു’ എന്നാണ് വിളിക്കുന്നത്. കപില്‍ ശര്‍മയുമായി ചേര്‍ന്നുള്ള ‘ദ ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച്’ എന്ന ജനപ്രിയ ടെലിവിഷന്‍ കോമഡി ഷോ കണ്ടവര്‍ ഭഗ്വന്തിനെ ഇഷ്ടപ്പെടാതിരിക്കില്ല. പഞ്ചാബിലെ അറിയപ്പെടുന്ന ഹാസ്യതാരമാണ് ഭഗവന്ത്.

Read more

1973 ഒക്ടോബര്‍ 17ന് പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയിലെ സതോജ് ഗ്രാമത്തില്‍ മൊഹിന്ദര്‍ സിങിന്റെയും ഹര്‍പല്‍ കൗറിന്റെയും മകനായാണ് ജനനം. സിഖ്-ജാട്ട് കുടുംബാംഗമാണ്. സ്‌കൂള്‍ പഠനകാലം മുതല്‍ തന്നെ കോമഡി പരിപാടികളില്‍ സജീവമായിരുന്നു. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പരിചരണം ലക്ഷ്യമിട്ട് ‘ലോക് ലെഹര്‍ ഫൗണ്ടേഷന്‍’ എന്ന എന്‍.ജി.ഒ നടത്തുന്നുണ്ട്. 12 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്.