കര്‍ഷക പ്രക്ഷോഭത്തിന്റെയും നാളത്തെ ഭരത് ബന്ദിന്റെയും പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. പാര്‍ലമെന്റ് പരിസരത്ത് പൊലീസ് 144 പ്രഖ്യാപിച്ചു. അതിനിടെ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കാനായി രാഷ്ട്രപിത ഭവനിലേക്ക് തിരിച്ച 30 ഓളം കായിക താരങ്ങളെ പൊലീസ് തടഞ്ഞു.
പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള 30 ഓളം കായിക താരങ്ങളാണ് കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരം തിരികെ നല്‍കാനായി രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. എന്നാല്‍ ഡല്‍ഹി പൊലീസ് തടയുകയായിരുന്നു എന്ന് ഗുസ്തി താരം കര്‍താര്‍ സിങ് പറഞ്ഞു. ദ്രോണാചാര്യ, അര്‍ജുന, പദ്മശ്രീ അവര്‍ഡു ജേതാക്കളും ഇതിലുള്‍പ്പെടുന്നു.
അതേസമയം സുരക്ഷയും സമാധാനവും ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളും ഉറപ്പാക്കണം. പ്രതിഷേധ പ്രകടനങ്ങളിലടക്കം സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. അനിഷ്ട സംഭവങ്ങള്‍ രാജ്യത്തെവിടെയും ഉണ്ടാകാന്‍ പാടില്ല. അക്കാര്യം ഉറപ്പുവരുത്താന്‍ തക്കവിധമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശമുണ്ട്.
അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷകര്‍ പൊലീസിന്റെ വിലക്ക് ലംഘിച്ച് ഡല്‍ഹിയില്‍ കടന്നേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തലസ്ഥാനത്ത് സുരക്ഷ ശകത്മാക്കിയത്. കര്‍ഷകളുടെ ഭാരത ബന്ദിനോട് അനുബന്ധിച്ച് ക്രമസമാധാന നില ഉറപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.