ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന കൊറോണ വൈറസ് വാക്സിനായ കോവാക്സിൻ അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് ശുപാർശ ചെയ്ത് സർക്കാർ നിയോഗിച്ച സമിതി. തങ്ങളുടെ കണ്ടെത്തലുകൾ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനായി ശനിയാഴ്ച വൈകുന്നേരം സമിതി സമർപ്പിച്ചു.
വാക്സിൻ അംഗീകരിക്കുന്നതിനുള്ള അന്തിമ തീരുമാനം ഡിസിജിഐയാണ് എടുക്കുക. വൈറസിനെ പ്രതിരോധിക്കുന്നതിൽ മരുന്ന് എത്രത്തോളം ഫലപ്രദമാണെന്ന് കാണിക്കുന്നതിനുള്ള വിവരങ്ങൾ ഇല്ലാതിരുന്നിട്ടും സമിതി (എസ്ഇസി-സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി) വാക്സിൻ ശുപാർശ ചെയ്യുകയായിരുന്നു.
മൂന്ന് പരിശോധന ഘട്ടങ്ങളിൽ രണ്ടെണ്ണം മാത്രമാണ് കോവാക്സിൻ പൂർത്തിയാക്കിയത്; ഫലപ്രാപ്തി അറിയുന്നതിനുള്ള പരിശോധനയാണ് മൂന്നാമത്തേത് ഇത് നവംബറിലാണ് ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളുടെയും സംയോജിത വിശകലനത്തിന്റെ ഫലമാണ് വാക്സിന്റെ ഫലപ്രാപ്തിയെ സൂചിപ്പിക്കുന്ന വിവരങ്ങൾ.
ആദ്യ ഘട്ട പരിശോധനകളിൽ നിന്നും വാക്സിൻ രോഗത്തെ പ്രതിരോധിക്കുന്നുണ്ടെന്നും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും ഇല്ലെന്നുമാണ് കാണിക്കുന്നത്. രണ്ടാം ഘട്ട പരിശോധനയിൽ വാക്സിൻ സുരക്ഷിതമാണെന്നും ആറ് മുതൽ 12 മാസം വരെ ആന്റിബോഡികൾ നിലനിൽക്കുന്നതയുമാണ് കാണിക്കുന്നത്.
മരുന്ന് സുരക്ഷിതവും ഫലപ്രദവുമാണെന്ന് സൂചിപ്പിക്കുന്നതിന് മതിയായ തെളിവുകൾ ഉണ്ടെങ്കിൽ നിയന്ത്രിത ഉപയോഗത്തിനുള്ള അംഗീകാരം സാധാരണയായി അനുവദിക്കും.
ആസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും വികസിപ്പിച്ചെടുത്തതും പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ചതുമായ കോവിഷീൽഡ് ഡിസിജിഐയുടെ അംഗീകാരത്തിനായി ഇന്നലെ സമിതി ശുപാർശ ചെയ്തിരുന്നു.