ബംഗാളിൽ മമതയെ അനുനയിപ്പിച്ച് സഖ്യം ഉറപ്പിക്കാൻ കോൺഗ്രസ് നീക്കം. രാഹുൽ ഗാന്ധി മമത ബാനർജിയെ കാണും. വിട്ടുവീഴ്ചചെയ്തും സഖ്യം സാധ്യമാക്കാനാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശ്രമം. അതേസമയം ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലേക്ക് പ്രവേശിച്ചു കഴിഞ്ഞു.
കൂച്ബീഹാറിൽ രാഹുലിന് വൻ വരവേൽപ്പാണ് ലഭിച്ചത്. വൻ ജന പങ്കാളിത്തത്തിൽ നടന്ന ചടങ്ങിൽ ബംഗാൾ പിസിസി അധ്യക്ഷൻ അതിർ രഞ്ജൻ ചൗദരി പതാക ഏറ്റു വാങ്ങി. ബംഗാളിൽ പ്രവേശിച്ച രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നാളെയും മറ്റന്നാളും വിശ്രമമാണ്. ഒഴിവ് സമയത്ത് രാഹുൽ മമതയെ കണ്ട് ഭാരത് യാത്രയിലേയ്ക്ക് ക്ഷണിക്കും. ഒപ്പം സീറ്റ് വിഭജന കാര്യത്തിലും ചർച്ച നടത്തും. മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും മമതയെ വിളിക്കുമെന്നാണ് സൂചന.
പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്നും 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന മമതയുടെ കഴിഞ്ഞ ദിവസമാണ് പ്രസ്താവന നടത്തിയത്. ബംഗാളിൽ ആറ് സീറ്റ് വേണമെന്നതാണ് കോൺഗ്രസിന്റെ ആവശ്യം. കോൺഗ്രസിന്റെ രണ്ട് സിറ്റിങ് സീറ്റ് മാത്രം നൽകാമെന്ന് മമതയും നിലപാടെടുത്തു. നാല് സീറ്റെങ്കിലും ലഭിച്ചാൽ വിട്ടുവീഴ്ചയാകാമെന്ന് ദേശീയ നേതൃത്വം നിലപാടെടുക്കുന്നു.
Read more
അതേസമയം, മമതയുടെ നിലപാട് ഉരുളുന്ന കല്ലുപോലെ എന്ന് വിമർശിച്ചും തൃണമൂൽ എൻഡിഎയിലേയ്ക്ക് പോയേക്കാം എന്ന് ചൂണ്ടിക്കാട്ടിയും ബംഗാൾ സിപിഎം രംഗത്ത് വന്നു. മമത ‘ഇന്ത്യ’ സഖ്യം പൊളിക്കാൻ ശ്രമിക്കുന്നുവെന്ന് സിപിഎം കുറ്റപ്പെടുത്തുന്നു. മമത ഉരുളുന്ന കല്ലുപോലെ നിലപാട് മാറ്റുന്നയാളെന്ന് നിതീഷ് കുമാർ പണ്ട് പറഞ്ഞെന്ന് സിപിഎം ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ചൂണ്ടിക്കാട്ടി. തൃണമൂൽ കോൺഗ്രസ് രൂപവത്കരിച്ചത് ആർഎസ്എസിന്റെയും ബിജെപിയുടേയും ഉപദേശം സ്വീകരിച്ചാണ്. അതുകൊണ്ട് തൃണമൂൽ എൻഡിഎയിൽ ചേർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.