പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരന്മാരുടെ രജിസ്റ്ററിനുമെതിരെയുള്ള പ്രതിഷേധത്തിന് മുന്നോടിയായി ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദിൽ കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭത്തിന് ഭരണകൂടം അനുമതി നൽകിയിട്ടില്ലെന്നും ദളിത് നേതാവിനെ കസ്റ്റഡിയിലെടുത്തതായും ലങ്കർഹൗസ് പോലീസ് പറഞ്ഞു.
പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്യുന്നതിനായി ചന്ദ്രശേഖർ ആസാദും ഏതാനും അനുയായികളും മെഹ്ദിപട്ടണത്തെ ക്രിസ്റ്റൽ ഗാർഡനിലേക്ക് പോകവെയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
ജനുവരി 16- ന് തിഹാർ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി 10 ദിവസത്തിന് ശേഷമാണ് ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിൽ എടുക്കുന്നത്. കഴിഞ്ഞ മാസം ഡൽഹിയിലെ ദര്യഗഞ്ച് പ്രദേശത്ത് പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധം നടത്താൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.