ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍നിന്നു പുറത്തിറങ്ങാനിരിക്കേ അവസാന നിമിഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. കെജ്‌രിവാളിന്റെ ജാമ്യ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഇതോടെ വിചാരണ കോടതി അനുവദിച്ച ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ കാത്തിരുന്ന കെജ്രിവാളിന്റെ തീഹാര്‍ ജയില്‍ ജീവിതം വീണ്ടും നീളും. ഡല്‍ഹി റൗസ് അവന്യൂവിലെ പ്രത്യേക കോടതി വ്യാഴാഴ്ചയാണു കെജ്രിവാളിനു ജാമ്യം അനുവദിച്ചത്. ഡല്‍ഹി മദ്യനയ അഴിമതി കേസിലെ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ദ്രുതഗതിയിലുള്ള ഇടപെടലാണ് കെജ്രിവാളിന്റെ ജാമ്യം തടഞ്ഞത്.
ഇഡി നല്‍കിയ ഹര്‍ജി പരിഗണക്കുന്നത് വരെ താത്കാലികമായാണ് ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ജസ്റ്റിസുമാരായ സുധീര്‍ കുമാര്‍ ജെയിന്‍, രവീന്ദര്‍ ദുഡേജ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ അടിയന്തര വാദം കേള്‍ക്കാനുള്ള ട്രയല്‍ കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ഇഡി ചൂണ്ടിക്കാണിച്ചത്. കേസ് ഫയല്‍ എത്തിയതിനുശേഷം വിഷയം കേള്‍ക്കാമെന്ന് കോടതി പറഞ്ഞതോടെയാണ് കെജ്രിവാളിന്റെ ജാമ്യം താല്‍ക്കാലികമായി സ്‌റ്റേ ചെയ്യപ്പെട്ടത്. വാദങ്ങള്‍ അവതരിപ്പിക്കാന്‍ വേണ്ടത്ര സമയം കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഇ ഡിയുടെ ഹര്‍ജിയില്‍ ഹൈക്കോതി അടിയന്തരമായി വാദം കേള്‍ക്കാന്‍ തയ്യാറാവുകയായിരുന്നു.
വ്യാഴാഴ്ചയാണ് അരവിന്ദ് കെജ്രിവാളിന് ജാമ്യം ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി അനുവദിച്ചത്. ഇഡി സ്റ്റേ ആവശ്യമുന്നയിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. കെജ്രിവാള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ അപ്പീല്‍ കോടതിയെ സമീപിക്കാനാണു ജാമ്യ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഇ ഡി ഉന്നയിച്ചത്. ഉത്തരവ് ബാധകമാക്കുന്നത് 48 മണിക്കൂര്‍ സ്റ്റേ ചെയ്യണമെന്ന ഇ ഡിയുടെ ആവശ്യം തള്ളിയാണു വിചാരണ കോടതി ജഡ്ജി നിയായ് ബിന്ദു കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും നിര്‍ദേശിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കേജ്രിവാള്‍ ജയില്‍ മോചിതനാകുമെന്നാണ് എഎപി നേതാക്കള്‍ കരുതിയത്. അദ്ദേഹത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. എന്നാല്‍ ഹൈക്കോടതി ജാമ്യ ഉത്തര വ് സ്റ്റേ ചെയ്തതോടെ കെജ്രിവാളിന്റെ മോചനം തുലാസിലായി. മാര്‍ച്ച് 21-നാണ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റുചെയ്തത്. നേരത്തേ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീംകോടതി കെജ്രിവാളിന് ഇടക്കാലജാമ്യം നല്‍കിയിരുന്നു. മേയ് പത്തിന് പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ജൂണ്‍ രണ്ടിനാണ് തിരികെ ജയിലിലെത്തിയത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇടക്കാലജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും കോടതി ഇതുവരെ അംഗീകരിച്ചിരുന്നില്ല. ഒടുവില്‍ ജാമ്യം കിട്ടിയപ്പോള്‍ ഇഡിയുടെ കടുംപിടുത്തത്തില്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ് ആംആദ്മി നേതാവ്.