ബീഹാറില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍

ബീഹാറില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാര്‍. സംസ്ഥാന നിയമസഭയിലെ പ്രത്യേക സമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അതേസമയം പൗരത്വ നിയമ ഭേദഗതിയില്‍ നിയമസഭയില്‍ പ്രത്യേക ചര്‍ച്ചയാകാമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പാര്‍ട്ടികളും അംഗീകരിക്കുകയാണെങ്കില്‍ പൗരത്വ നിയമ ഭേദഗതിയില്‍ ചര്‍ച്ചയാവാം. പാര്‍ലമന്റെില്‍ ഇനിയും നിയമം സംബന്ധിച്ച് ചര്‍ച്ചകളാവാം. പൗരത്വ രജിസ്റ്ററിന്റെ പ്രസക്തി അസമില്‍ മാത്രമാണെന്നും നിതീഷ് ബീഹാര്‍ നിയമസഭയില്‍ പറഞ്ഞു. പ്രധാനമന്ത്രി തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

പൗരത്വ രജിസ്റ്റര്‍, പൗരത്വ നിയമ ഭേദഗതി എന്നീ വിഷയങ്ങളില്‍ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ഭരണപക്ഷത്തിനെതിരെ സഭയില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയത്.

ബി.ജെ.പി സഖ്യം ഭരിക്കുന്ന ബിഹാറില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേന്ദ്രസര്‍ക്കാറിന് കടുത്ത തിരിച്ചടിയാണ്. ജെ.ഡി.യു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമത്തിനും എതിരെ നേരത്തെ നിലപാടെടുത്തിരുന്നു.